“ഇതല്ല… ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ.കെ ജോസഫ്”; കര്‍ഫ്യൂ ചലഞ്ചുമായി ലാല്‍

രാജ്യത്താകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 22 ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് നടനും സംവിധായകനുമായ ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി അകലം പാലിക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശമായി പ്രധാനമന്ത്രി പറഞ്ഞതിനെ ഏറ്റെടുത്തിരിക്കുകയാണ് ലാല്‍.

ലാലും കുടുംബവും ഇപ്പോള്‍ കര്‍ഫ്യൂവിലാണ്. ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന സ്വന്തം ചിത്രവും ലാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്’ എന്ന് അടിക്കുറിപ്പുമുണ്ട്. ലാലും സിദ്ദീഖും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനം ചെയ്ത വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്.

കോവിഡിനെതിരെയുള്ള ജാഗ്രതയാണ് ഇപ്പോള്‍ മലയാള സിനിമാ ലോകവും. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പല താരങ്ങളും വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍. അപ്രതീക്ഷിതമായി അവധി ദിവസങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടുകയാണ് താരങ്ങളിപ്പോള്‍.

Leave comment

Your email address will not be published. Required fields are marked with *.