മിന്നല്‍ വില്ലാല്‍ പെണ്ണേ…. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സേവ് ദ ഡേറ്റ് സോംഗ് പുറത്ത്

വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ പുതിയ മിന്നല്‍ വില്ലായ് പെണ്ണേ എന്ന ഗാനം പുറത്തിറങ്ങി. അനു എലിസബത്തിന്റെ രചനയില്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ശ്രീകാന്ത് ഹരിഹരനും പ്രീതി പിള്ളയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അരുണ്‍ കുര്യനും ശാന്തി ബാലകൃഷ്ണനുമുള്ള ഈ ഗാനം സേവ് ദ ഡേറ്റ് സോംഗായാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ടീസറുകളും സേവ് ദ ഡേറ്റ് സോംഗ് ടീസറും ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളും ജനശ്രദ്ധ നേടിയിരുന്നു. നേരത്തെ കുരുശില്‍ തലകീഴായി നില്‍ക്കുന്ന ടിനി ടോമിന്റെയും ശ്രിന്ദയുടെയും അലന്‍സിയറുടെയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. അലക്‌സ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടിനി ടോം അവതരിപ്പിക്കുന്നത്. സൂസന്‍ എന്ന കഥാപാത്രത്തെ ശ്രിന്ദയും അവതരിപ്പിക്കുന്നു. ചിത്രത്തില്‍ സേവിയര്‍ എന്ന കഥാപാത്രത്തെയാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്നത്.

ഒരു സാമൂഹ്യ ആക്ഷേപ ഹാസ്യമായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശ്രിന്ദ, മധുപാല്‍, അനു മോള്‍, അരുണ്‍ കുര്യന്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, ടിനി ടോം, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശംഭു പുരുഷോത്തമനാണ് തിരക്കഥ ഒരുക്കുന്നത്. ജോമോന്‍ തോമസാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും നിര്‍വ്വഹിക്കുന്നു. ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Leave comment

Your email address will not be published. Required fields are marked with *.