രജനിക്ക് ‘ഷെയ്ക്ക് ലെഗ്’ നല്‍കി പ്രണവ്; കണ്ണ് നനപ്പിക്കുന്ന കൂടിക്കാഴ്ച്ച

ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള പ്രണവിന്റെ കൂടിക്കാഴ്ച്ച ലോകം കണ്ടത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച കേരളത്തിന് പുറമെ തമിഴകത്തും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താന്‍ മനസ്സിലിട്ട് താലോലിച്ച ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ആലത്തൂര്‍ സ്വദേശിയും ചിത്രകാരനുമായ പ്രണവ്. തമിഴ് മന്നന്‍ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടിലെ സ്വീകരണ മുറിയിലാണ് അസുലഭമായ ആ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങിയത്. ജന്മനാ രണ്ടു കൈകളുമില്ലാത്ത പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തെ കാണാനെത്തിയത്.

രജനികാന്തിനെ കണ്ടപ്പോള്‍ പ്രണവ് ആദരവോടെ കാല്‍കൂപ്പി ഷാളണിയിച്ചു. പ്രണവിനെ വരവേറ്റ രജനീകാന്ത് ചേര്‍ത്തു നിര്‍ത്തി ആലിംഗനവും ചെയ്തു. പ്രണവിനെ പൊന്നാട അണിയിച്ചാണ് രജനി സ്വീകരിച്ചത്. കാല്‍കൊണ്ട് വരച്ച രജനിയുടെ ചിത്രം പ്രണവ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. രജനിയുടെ കടുത്ത ആരാധകനായ പ്രണവിന്റെ ഏറെക്കാലത്തെ സ്വപ്‌നം കൂടിയായിരുന്നു താരത്തെ നേരില്‍ കാണുകയെന്നത്. ആത്മീയ ഗുരു ബാബാജിയുടെ ചിത്രവും മധുരവും നല്‍കിയാണ് അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം രജനി പ്രണവിനെ യാത്രയാക്കിയത്. ഒപ്പം എന്ത് സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും താരം നല്‍കാന്‍ മറന്നില്ല.

രജനീകാന്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. പ്രണവ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് കേരളത്തിലെന്ന പോലെ, തമിഴ്നാട്ടിലും വലിയ വാര്‍ത്തയായിരുന്നു. പ്രണവ് മുഖ്യമന്ത്രിക്ക് ‘ഷേക്ക് ലെഗ്’ നല്‍കുന്ന ചിത്രം തമിഴകത്തെ പല താരങ്ങളും സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ, തമിഴ് വാരികയില്‍ പ്രണവിന്റെ അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൊരു ചോദ്യത്തിന് ഉത്തരമായാണു രജനീകാന്തിനെ കാണാനുള്ള ആഗ്രഹം പ്രണവ് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച രജനിയുടെ ഓഫീസില്‍ നിന്നും പ്രണവിനു കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണമെത്തിയത്. ഞായറാഴ്ച രാത്രിയാണു പ്രണവും കുടുംബവും പാലക്കാട്ടു നിന്നു തിരിച്ചത്. പിതാവ് ബാലസുബ്രഹ്മണ്യം, അമ്മ സ്വര്‍ണ കുമാരി, സഹോദരന്‍ പ്രവീണ്‍ തുടങ്ങിയവരും പ്രണവിനൊപ്പമുണ്ടായിരുന്നു.

ചിറ്റൂര്‍ ഗവ.കോളജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ്സി പരിശീലനത്തിലാണിപ്പോള്‍. ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് കുട്ടിക്കാലം മുതല്‍ക്കെ ചിത്രരചന തുടങ്ങിയിരുന്നു. കൈ കൊണ്ടു ചെയ്യുന്നതെന്തും കാലു കൊണ്ടു ചെയ്യാനും പഠിച്ചു. കഴിയുന്നത്ര ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള പരിശീലനമാണ് കുട്ടിയായിരുന്നപ്പോഴെ പ്രണവ് നേടിയത്. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് ശീലമായെന്ന് പ്രണവ് പറഞ്ഞു. സ്‌കൂളിലും കോളജിലുമൊക്കെ ചിത്ര രചനയില്‍ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ചിത്രരചനയില്‍ മാത്രമല്ല, കായിക രംഗത്തും സജീവ സാനിധ്യമായിരുന്നു പ്രണവ്. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള കായിക മത്സരങ്ങളിലും പ്രണവ് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Leave comment

Your email address will not be published. Required fields are marked with *.