ളോഹ അണിഞ്ഞു ഇന്ദ്രജിത്തും മുരളി ഗോപിയും; താക്കോലിലെ പുതിയ ഗാനം കാണാം.

ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന താക്കോലിലെ പുതിയ ഗാനം പുറത്തിറങ്ങി. മരീബായിലെ ഈ ജലം… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് ഇടമണ്ണേലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം. നേരത്തെ ചിത്രത്തിലെ മറ്റൊരു ഗാനം റിലീസ് ചെയ്തിരുന്നു. ഷാജി കൈലാസിന്റെ മകന്‍ റുഷിനാണ് ഇന്ദ്രജിത്തിന്റെ ചെറുപ്പക്കാലമായി വേഷമിടുന്നത്.

 

 

 

ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഒരിടവേളക്ക് ശേഷം താക്കോലിലൂടെ അദ്ദേഹം വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവരികയാണ്. എന്നാല്‍ ഇത്തവണ ”താക്കോല്‍” എന്ന സിനിമയുടെ നിര്‍മ്മാതാവായാണ് അദ്ദേഹത്തിന്റെ വരവ്. മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തും. ഫാദര്‍ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടിയാന്‍ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ”താക്കോല്‍”. റസൂല്‍ പൂക്കൂട്ടിയാണ് ഈ ചിത്രത്തിന്റെ ശബ്ദവിന്യാസം നിര്‍വഹിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് എം ജയചന്ദ്രനാണ്.

 

 

 

മദ്ധ്യതിരുവിതാംകൂറിലെ സുറിയാനി കത്തോലിക്കാ കുടുംബങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. മനോഹരമായ പള്ളികളും, സെമിനാരിയുമൊക്കെ ഈ ചിത്രത്തിന്റെ കഥയ്ക്ക് അവശ്യഘടകമാണ്. കേരളത്തില്‍ ഇതൊക്കെ ലഭിക്കുവാന്‍ ഏറെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പ്രധാന ലൊക്കേഷന്‍ ഗോവ തെരഞ്ഞെടുത്തത്. രഞ്ജി പണിക്കര്‍, നെടുമുടി വേണു, ലാല്‍, ഡോ. റോണി, സുധീര്‍ കരമന, പി. ബാലചന്ദ്രന്‍, സുദേവ് നായര്‍, ജിലു ജോസഫ്, സ്വരാജ്, മാസ്റ്റര്‍ റോഷിന്‍, സനല്‍ വാസുദേവ് (സംവിധായകന്‍), ഇനിയ, മിരാവാസുദേവ്, നന്ദനാ വര്‍മ്മ, ജാനകി എന്നിവരും പ്രധാന താരങ്ങളാണ്.

 

Leave comment

Your email address will not be published. Required fields are marked with *.