സത്യങ്ങള്‍ തേടിയുള്ള അന്വേഷണത്തിന് ഇനി 3 നാള്‍ കൂടി

ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രം അന്വേഷണം തിയേറ്ററുകളിലെത്താന്‍ ഇനി മൂന്ന് ദിനം കൂടി. നേരത്തെ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ചിത്രത്തിലെ പോസ്റ്റുകളും ട്രെയ്‌ലറും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നിഗൂഢത നിറച്ച ട്രെയ്‌ലറും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു ആശുപത്രി കേന്ദ്രീകരിച്ച് മുന്നോട്ടു നീങ്ങുന്ന ട്രെയ്‌ലറില്‍ കഥാതന്തുവിനെ പറ്റി കാര്യമായ വെളിപ്പെടുത്തലൊന്നും നല്‍കിയില്ലെങ്കിലും ഒരു മെഡിക്കല്‍ ത്രില്ലര്‍ ചിത്രമെന്ന സൂചന നല്‍കുന്നുണ്ട്. ട്രെയ്ലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തും ഇടം പിടിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിലെ ലിറിക്കല്‍ വീഡിയോയും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ‘ഇളം പൂവേ’ എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരന്നു. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയുടെ സംഗീതത്തില്‍ സൂരജ് സന്തോഷാണ് ഇളം പൂവേ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍ താരങ്ങളും അവരുടെ മക്കളുമാണ് ഈ ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, സുകുമാരന്‍, ജയസൂര്യ, ദിലീപ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ്, അജിത്, രജനികാന്ത് എന്നിങ്ങനെ മലയാളം-തമിഴ് താരങ്ങള്‍ അവരുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അച്ഛന്‍-മക്കള്‍ സ്‌നേഹ ബന്ധത്തിന്റെ എല്ലാ ഭംഗിയും ചേര്‍ത്താണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ജയയസൂര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രുതിയാണ് നായികയായെത്തുന്നത്. പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലാല്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇ 4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം. രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്നാണ് അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം. ജേക്സ് ബിജോയാണ് സംഗീതം.

Leave comment

Your email address will not be published. Required fields are marked with *.