മാന്യത ഉണ്ടായിരുന്നേല്‍ മോഹന്‍ലാല്‍ തെറ്റ് തിരുത്തിയേനെ, പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിലും കൈ ഇട്ടു തുടങ്ങിയോ ഈ മോഹന്‍ലാല്‍; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് വി.ടി മുരളി

മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായകന്‍ വി.ടി മുരളി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസന്‍ 2വിലെ അവതാരകനാണ് മോഹന്‍ലാല്‍. ബിഗ് ബോസില്‍ മോഹന്‍ലാല്‍ നടത്തിയ ഒരു അവകാശവാദമാണ് കുറച്ചു ദിവസമായി ചര്‍ച്ചാവിഷയം. ബിഗ് ബോസില്‍ ധര്‍മ്മജന്‍ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു സംഭവം. 1985 ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ മാതള തേനുണ്ണാന്‍ എന്ന ഗാനം ധര്‍മ്മജന്‍ ബിഗ് ബോസ് ഷോയില്‍ പാടിയിരുന്നു. ധര്‍മ്മജന്‍ പാടിയ ശേഷം ഈ ഗാനം ആരാണ് പാടിയതെന്ന് ധര്‍മ്മജന് അറിയുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. തനിക്ക് അറിയില്ലെന്ന് പറഞ്ഞ ധര്‍മ്മനോട് ആ ഗാനം താനാണ് പാടിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍ മോഹന്‍ലാലിന്റെ ഈ വാദം തെറ്റാണെന്ന് കാണിച്ച്, ഈ ഗാനം താന്‍ പാടിയതാണെന്ന് പറഞ്ഞ് ഗായകന്‍ വി.ടി. മുരളി രംഗത്തെത്തി. ഇതാണ് സംഭവം വിവാദമാകാന്‍ കാരണമായത്. മോഹന്‍ലാലിനെതിരെ വി.ടി മുരളി ഫെയ്‌സ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഉയരും ഞാന്‍ നാടാകെ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയ പട്ടാണിതെന്നും അതെ സമയം തന്നെ പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നാണ് മോഹന്‍ലാലിനെ കുറിച്ച് വി.ടി. മുരളി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിഷയം വാര്‍ത്തയായതോടെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണവും തനിക്കെതിരെ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് വി.ടി. മുരളി വീണ്ടും രംഗത്തെത്തിയിരുന്നു.

മാന്യത ഉണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ, തനിക്ക് പറ്റിയ തെറ്റ് തിരുത്താമായിരുന്നെന്ന് മുരളി പറഞ്ഞു. അല്ലെങ്കില്‍ ആ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിന് തെറ്റു തിരുത്താമായിരുന്നു. ഇതു രണ്ടും നടന്നില്ല. പകരം, ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം എന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു. എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ലെന്നും വി.ടി മുരളി പറഞ്ഞു.

Leave comment

Your email address will not be published. Required fields are marked with *.