ശനിദോഷം അറിയാന്‍ പതിനെട്ട് വഴികള്‍.

0

നിര്‍ദ്ദയനായ ഗുരുനാഥന്‍ എന്നാണ് പൊതുവേ ശനി അറിയപ്പെടുന്നത്. നേരെ നോക്കിയാണ് ശനി ഇരിക്കുന്നത്; അതും അതീവ ഗൗരവഭാവത്തില്‍. ഒറ്റ നോട്ടത്തിലറിയാം. ന്യായാധിപനാണെന്ന്. ശരിക്കും അങ്ങനെതന്നെയാണ്; ഓരോരുത്തരുടെയും കര്‍മ്മഫലങ്ങള്‍ കണക്കിലെടുത്ത് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന വിധികര്‍ത്താവ്.

 

കര്‍മ്മാധിപനാണ് ശനി. അത് നമ്മെ നിരന്തരം അദ്ധ്വാനിക്കാന്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടേയിരിക്കും. കഠിനമായി പരീക്ഷിക്കും. അതിനിടയില്‍ സമ്മര്‍ദ്ദത്തിലും ആശങ്കയിലും പ്രതിരോധത്തിലുമാക്കും. ഇവ തരണം ചെയ്ത് വിജയിച്ചാല്‍ ശനീശ്വരന്‍ സൗഭാഗ്യങ്ങള്‍ ചൊരിഞ്ഞ് അനുഗ്രഹിക്കും. നമ്മുടെ മുന്നിലുള്ള വഴികള്‍ ശനി ഒരിക്കലും സുഗമമാക്കില്ല. എപ്പോഴും തടസ്‌സങ്ങളും താമസവും സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇതെല്ലാം നമ്മുടെ ആത്മാര്‍ത്ഥതയും ലാളിത്യവും ക്ഷമയും പരീക്ഷിക്കുവാനുള്ള ഉപായങ്ങളാണ്.

 

ശനി ചെയ്യുന്ന ദ്രോഹങ്ങളുടെ ദുരിതം അനുഭവിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതിന് ദൈവികമായ പരിഹാരങ്ങള്‍ അനവധിയുണ്ട്. ജാതകവശാലും ഗോചരാലും ശനി എവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും ദുരിതങ്ങള്‍ അനുഭവിക്കുന്നത്. ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയിലും അതിന്റെ ഒന്ന്, പന്ത്രണ്ട് ഭാവങ്ങളിലും ശനി നില്‍ക്കുന്ന സമയമാണ് ഏഴരശനിക്കാലം. ഇത് ഏവര്‍ക്കും ദുരിതപ്രദമായിരിക്കും. 4, 7, 10 ഭാവങ്ങള്‍ കണ്ടകസ്ഥാനങ്ങളാണ്. ശനി ഈ ഭാവങ്ങളില്‍ വരുമ്പോഴും കഷ്ടപ്പാടുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കും. അതുപോലെ ദോഷകരമായ സമയമാണ് അഷ്ടമശനിയുടെ രണ്ടരവര്‍ഷം. ഈ സമയത്ത് രോഗദുരിതങ്ങള്‍ അലട്ടും.

 

 

ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി, ചതയം, നക്ഷത്രജാതര്‍ ശനി ദശാകാലത്ത് പതിവായി ശനിദോഷപരിഹാരകര്‍മ്മങ്ങള്‍ ചെയ്യണം. മേടം, ധനു, മീനം, ലഗ്‌നങ്ങളില്‍ ജനിച്ചവര്‍ 5,6,8,12 ഭാവങ്ങളില്‍ ശനി നില്‍ക്കുന്നവര്‍ ആദിത്യന്‍, ചൊവ്വ, രാഹു, കേതു എന്നിവയുമായി ശനിയോഗം ചെയ്തു നില്‍ക്കുന്നവര്‍ മേടം, കര്‍ക്കടകം, ചിങ്ങം, വൃശ്ചികം രാശികളില്‍ ശനി നില്‍ക്കുന്നവര്‍ ശനിക്ക് 6,8,12,2,7, ഭാവങ്ങളുടെ ആധിപത്യമുള്ളവര്‍ ഇവരെല്ലാം ശനിപ്രീതി വരുത്തണം.
ശനിയാഴ്ച തോറും നീരാജനം സമര്‍പ്പിക്കുക, ശാസ്താവ്, ഹനുമാന്‍ ക്ഷേത്രദര്‍ശനം നടത്തുക, വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ശബരിമല ദര്‍ശനം നടത്തുക, ശനിക്കുള്ള നവഗ്രഹസേ്താത്രം ജപിക്കുക, ശനിഗ്രഹശാന്തിപൂജ ചെയ്യുക .

 

 

ഓം ഘ്രും നമഃ പരായ ഗോപ്‌ത്രേ, ഓം ഹം ഹനുമതേ നമഃ എന്നീമന്ത്രങ്ങള്‍ ജപിക്കുന്നത് ദോഷപരിഹാരമാണ്.
ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്‌സിലാക്കാന്‍ ചിലവഴികളുണ്ട്. ഇനി പറയുന്ന കാര്യങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഉറപ്പാണ് ശനി നമ്മളോട് പിണങ്ങി നില്‍ക്കുകയാണ്.

 

1 ചെലവ്, വായ്പ വര്‍ദ്ധിക്കുക, കടം കയറി ബുദ്ധിമുട്ടുക, പണം തിരിമറിയിലൂടെ ബിസിനസ്‌സ് പങ്കാളി ചതിക്കുക ജപ്തി നേരിടുക എന്നിവ അനുഭവപ്പെടുന്നെങ്കില്‍ ഉറപ്പാക്കിക്കൊള്ളൂ നിങ്ങള്‍ ശനിയുടെ പിടിയിലാണ്.
2 പതിവായി നിങ്ങളുടെ ചെരിപ്പ് പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ തീര്‍ച്ചയാണ് ശനി നിങ്ങളോട് ഒട്ടും രസത്തിലല്ലെന്ന്.
3 പരീക്ഷയില്‍ തോല്‍ക്കുക, പഠിത്തത്തില്‍ ഏകാഗ്രത കിട്ടാതിരിക്കുക, ഒട്ടും ഭാവിയില്ലെന്ന് തോന്നുക- ഇങ്ങനെയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചാല്‍ അവരെ ശനിദോഷം ബാധിച്ചിരിക്കുകയാണെന്ന് കരുതുക.
4 ജാതകത്തില്‍ ശനി ദോഷപ്രദനായി നില്‍ക്കുന്ന സമയത്ത് വിവാഹം നടന്നാല്‍, വിവാഹശേഷം ദാമ്പത്യജീവിതത്തിലും കുടുംബത്തിലും പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ശനിയുടെ കരാളഹസ്തങ്ങളില്‍ പെട്ടിരിക്കുന്നു എന്ന് അറിയുക.
5 മനസ്‌സില്‍ ദുഷ്ടചിന്ത നിറയുകയും ദുഷ്ടകര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്താല്‍ ശനി പിണങ്ങി നില്‍ക്കുകയാണെന്ന്മനസ്‌സിലാക്കണം.
6 തൊഴിലില്‍ അലസതയും മടിയും ബാധിക്കുന്നവരുടെ ജാതകത്തില്‍ ശനി ദോഷമുണ്ട്. പ്രവര്‍ത്തികള്‍ക്ക് തടസ്‌സവും കാലതാമസവും വരുന്നതു കാരണം അവരുടെ ജീവിതത്തില്‍ പുരോഗതിയുണ്ടാകില്ല.
7 അകാലനര, അമിതമായ കഷണ്ടിബാധ, കുഴിഞ്ഞ കണ്ണുകള്‍, സന്ധിവേദന, രോഗം സുഖപ്പെടാന്‍ താമസം, വാതം, അപസ്മാരം എന്നിവ ശനിദോഷത്തിന്റെ പ്രത്യേകതകളാണ്.
8 കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, അതിന് ശിക്ഷിക്കപ്പെടുക, കൊള്ള നടത്തി എന്ന കുറ്റം ചാര്‍ത്തുക, മറ്റ് തരത്തിലുള്ള അന്വേഷണം നേരിടേണ്ടി വരിക- ഇതൊക്കെ ശനി പിഴച്ചതിന്റെ ലക്ഷണമാ ണ്.
9 വീട്ടില്‍ ജോലിക്കു വരുന്നവരെയും ആശ്രിതരെയും ഓഫീസിലെ താഴ്ന്ന ജീവനക്കാരെയും പാവങ്ങളെയും കഠിനമായി ശകാരിക്കുന്ന വ്യക്തികള്‍ ശനി ബാധിതരാണ്.
10 വിലകൊടുത്ത് വാങ്ങിയ വാഹനം പെട്ടെന്ന് കേടാകുന്നത് ശനി ബാധിച്ചതിന്റെ ലക്ഷണമാണ്.
11 കണ്ണുവേദന, കണ്ണ് എരിച്ചില്‍, പുറംവേദന എന്നിവ ശനിദോഷ സൂചനയാണ്.
12 കെട്ടിട നിര്‍മ്മാണ സ്ഥലത്ത് സംഭവിക്കുന്ന ഏതൊരു ദുരന്തവും ശനിബാധയുടെ ലക്ഷണമാണ്.
13. അനാരോഗ്യം, രോഗദുരിതം, പെട്ടെന്നുള്ള പണച്ചെലവ് ഇതിലൂടെ കരുതി വച്ച സമ്പാദ്യം, നഷ്ടപ്പെടുന്നത് ശനി പിടികൂടിയതിന്റെ സൂചനയാണ്.
14 സദാസമയവും മനഃസംഘര്‍ഷവും ഉത്കണ്ഠയും ക്ഷീണവുമാണെങ്കില്‍ ശനി നിങ്ങളെ പിടികൂടിയിരിക്കുന്നു എന്നത് തീര്‍ച്ചയാണ്.
15 മന:ക്കരുത്ത് കുറയുക, മറ്റുള്ളവരുടെ ഭീഷണിക്ക് പെട്ടെന്ന് വശംവദരാകുക, ഉറക്കമില്ലാതെയാകുക ഇവയെല്ലാം ശനിദോഷം ബാധിച്ചതിന്റെ ലക്ഷണമാണ്.
16 ധന സമ്പാദനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാകുകയും ക്‌ളേശിച്ച് നേടുന്ന പണം അപ്രതീക്ഷിത വഴികളിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്നത് ശനി ദുര്‍ബലനായ വ്യക്തികളുടെ ലക്ഷണമാണ്.
17 വൃദ്ധരുടെ അപ്രീതിയുണ്ടാക്കുകയാണ് ശനി ദോഷത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം. എന്തെല്ലാം നന്മയും സഹായവും ചെയ്താലും വൃദ്ധരില്‍നിന്നും ശനി ബാധിതര്‍ക്ക് അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
18 പഴകിയതും തണുത്തതുമായ ആഹാരസാധനങ്ങളോട് ശനി ബാധിച്ചവര്‍ക്ക് പ്രിയം കൂടും. മൗനം, ഏകാന്തവാസം, സാമൂഹ്യജീവിതത്തോട് താത്പര്യമില്ലായ്മ എന്നിവയും ശനി ബാധയുടെ സൂചനയാണ്.

You might also like