
“ആശുപത്രിയിലേയ്ക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു..”
മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള സിനിമാ ലോകം. സിനിമാ-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സഹപാഠിയെ നഷ്ടപ്പെട്ട സങ്കടത്തിലാണ് സംവിധായകന് ഫാസില്‍. 53 വര്‍ഷത്തെ സൗഹൃദമായിരുന്നു ഇരുവരും തമ്മില്‍.
നെടുമുടി വേണു ആശുപത്രിയിലേയ്ക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം ഫാസിലിനെ വിളിച്ചിരുന്നു. കോളേജ് പഠനകാലം മുതല്‍ 53 വര്‍ഷത്തെ ബന്ധമാണ് ഇരുവരും തമ്മില്‍. അദ്ദേഹം മൂന്ന് തലമുറയ്ക്കൊപ്പം നടന്ന താരമാണെന്നും ഫാസില്‍ പറയുന്നു. “രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോണ്‍ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോള്‍. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുകൊണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന്റെ തൊട്ടു മുന്‍പായിരുന്നു ഈ വിളി. ആശുപത്രിയില്‍ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി അതേ നമ്പറില്‍ നിന്നും വീണ്ടും ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ മകന് ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അദ്ദേഹത്തിന്റെ അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്.”
വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേര്‍പാടെന്നും സിനിമയിലാണെങ്കില്‍ ഒരു നാഷനല്‍ അവാര്‍ഡ് ലഭിച്ചില്ല എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം അദ്ദേഹം നേടിയെന്നും ഫാസില്‍ പറയുന്നു. :സോമന്, സുകുമാരന്‍, രതീഷ് ആ തലമുറയില്‍ തിളങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബന്, ഫഹദ് അവര്‍ക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞു നിന്നു.”
തങ്ങള്‍ തമ്മില്‍ 53 വര്‍ഷത്തെ ബന്ധമുണ്ടെന്നും ഒരുമിച്ചായിരുന്നു കോളജ് പഠനമെന്നും ഫാസില്‍ പറയുന്നു. “ഒരുമിച്ച് മിമിക്രി ചെയ്തു, ഒരുതട്ടില്‍ നാടകം ചെയ്തു. ഒരുഘട്ടത്തില്‍ വേണു തിരുവനന്തപുരത്ത് സിനിമയ്ക്കായി പോയി. പത്മരാജനും ഭരതനുമടക്കം നിരവധിപേര്‍ അദ്ദേഹത്തെ ഏറ്റെടുക്കാന്‍ നില്ക്കുന്നുണ്ടായിരുന്നു. ഉദയ-നവോദയയുടെ കൂടെ ഞാനും സംവിധായകനായി മാറി. മൂന്ന് തലമുറക്കൊപ്പം നടന്ന താരമാണ് നെടുമുടി വേണു. അദ്ദേഹം മലയാളസിനിമയില്‍ നിറഞ്ഞാടുകയായിരുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. 35ാം വയസ്സിലും 36ാം വയസ്സിലും വേണു ചെയ്തപോലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മലയാളത്തില്‍ വേറൊരാളില്ല. അദ്ദേഹം ഇനി പോകുന്ന പരലോകത്തും നിറഞ്ഞാടട്ടെ.”-ഫാസില്‍ പറഞ്ഞു.