
“നിങ്ങളുടെ തേപ്പ് കഥകളും അധികാരം സ്ഥാപിക്കലും കൊണ്ട് പോകൂ..” തുറന്നടിച്ച് റിമ കല്ലിങ്കല്‍
പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. പാല സെന്റ് തോമസ് കോളേജില്‍ വെച്ച് നിതിനമോള്‍ എന്ന വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ അഭിഷേക് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.
പെണ്‍കുട്ടികള്‍ക്ക് അവരുടേതായ മനസ്സുണ്ടെന്നും അതനുസരിച്ച് അവര്‍ക്ക് തന്റേതായ തീരുമാനങ്ങളുണ്ടാകുമെന്നും റിമ കല്ലിങ്കല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ തങ്ങളോട് യാതൊന്നും കടപ്പെട്ടിട്ടില്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണമെന്നും റിമ കല്ലിങ്കല്‍ കുറിച്ചു.
എല്ലാ മനുഷ്യരെയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ് പെണ്‍കുട്ടികള്‍ക്കുമുണ്ട്. ശരിയാണ്, അവള് മുന്‍പ് നിങ്ങളെ സ്നേഹിച്ചിരിക്കാം, ഇപ്പോള്‍ സ്നേഹിക്കുന്നില്ലായിരിക്കും. ആണ്‍കുട്ടികളെയും പുരുഷന്മാരെയും പോലെ ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും അവള്‍ക്കുണ്ട്. നിങ്ങളുടെ തേപ്പ് കഥകളും അധികാരം സ്ഥാപിക്കലും കൊണ്ട് പോകൂ. -ഇപ്രകാരമാണ് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പാലാ സെന്റ് തോമസ് കോളേജിലെ അവസാന വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായിരുന്നു നിധിന. അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കോളേജിലെത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പരീക്ഷ ഹാളില്‍ നിന്നിറങ്ങിയ അഭിഷേക് നിതിനയെ കാത്ത് വഴിയരികില്‍ നില്‍ക്കുകയും നിതിനയോട് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.