
“മമ്മൂട്ടി സാര്‍ തോളത്ത് കൈ ഇട്ടപ്പോള്‍ വിറങ്ങലിച്ചു പോയി…” തുറന്ന് പറഞ്ഞ് റോഷന് മാത്യു
അടി കപ്യാരെ കൂട്ടമണി, പുതിയ നിയമം, ആനന്ദം, കൂടെ, ഒരായിരം കിനാക്കളാല്‍, മൂത്തോന്, സി യു സൂണ്‍, കപ്പേള, ആണും പെണ്ണും, വര്‍ത്തമാനം, കുരുതി തുടങ്ങീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മലയാളികളുടെ പ്രിയ നടന് റോഷന് മാത്യു. അടി കപ്യാരെ കൂട്ടമണിയില്‍ ചെറിയ വേഷത്തില്‍ തുടങ്ങിയ റോഷനെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് പുതിയ നിയമത്തിലെ വില്ലന്‍ വേഷത്തിലൂടെയായിരുന്നു. ഗീതു മോഹന്‍ദാസ്-നിവിന്‍ പോളി ചിത്രം മൂത്തോനിലെ വേഷവും റോഷനെ ശ്രദ്ധേയനാക്കി.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റോഷന് മാത്യു. പുതിയ നിയമത്തിലെ ഒരു സീനിനായി മമ്മൂട്ടി റോഷന്റെ തോളില്‍ കൈവെച്ചപ്പോള്‍ വിറങ്ങലിച്ച് പോയെന്നാണ് റോഷന് പറയുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റോഷന് മാത്യു തന്റെ അനുഭവം ആരാധകര്‍ക്കായി പങ്കുവെച്ചത്.
“2015 ഓഗസ്റ്റിലാണ് ഞാന്‍ ആദ്യമായി ഫീച്ചര്‍ ഫിലിമില്‍ വര്‍ക്ക് ചെയ്യുന്നത്. ഒരു ഷോട്ടിന് വേണ്ടി മമ്മൂട്ടി സാര്‍ എന്റെ തോളത്ത് കയ്യിട്ടപ്പോള്‍ ഞാന്‍ വിറങ്ങലിച്ചു പോയത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അതുകഴിഞ്ഞും കുറച്ചു നേരം കൂടി അദ്ദേഹം എന്റെ തോളത്ത് കയ്യിട്ട് നിന്നു. ശാന്തനായും ഒന്നും സംഭവിക്കാത്തത് പോലെയായിരിക്കാനായി ഞാന്‍ വളരെ അധികം ശ്രമിച്ചു. ഈ സിനിമയും ഈ ഇതിഹാസത്തിനൊപ്പമുള്ള അനുഭവവും എന്നും ഓര്‍മ്മിക്കും.” -ഇപ്രകാരമാണ് റോഷന് മാത്യു കുറിച്ചത്.