
അരങ്ങൊഴിഞ്ഞ് അഭിനയ കുലപതി…
മലയാളത്തിന്റെ അഭിനയ പ്രതിഭ ഇനി ഓര്‍മ്മകളില്‍. മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി നെടുമുടി വേണു. 73 വയസ്സായിരുന്നു. ഉദര രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്കൂള്‍ അദ്ധ്യാപക ദമ്പതികളായ പി.കെ കേശവന് പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും 5 മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് ജനനം. കെ.വേണുഗോപാലന്‍ എന്നാണ് യഥാര്‍ത്ഥ നാമം. നെടുമുടിയിലെ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ആലപ്പുഴ എസ്ഡി കോളേജിലായിരുന്നു ബിരുദം പൂര്‍ത്തിയാക്കിയത്. എസ്ഡി കോളോജ് പഠന കാലത്ത് സഹപാഠിയായ ഫാസില്‍ എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. ബിരുദശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.
നാടക രംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയിലെത്തിയത്. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് താമസം മാറിയതോടെ പത്മരാജന്, അരവിന്ദന്, ഭരത് ഗോപി തുടങ്ങിയവരുമായി അദ്ദേഹം സൗഹൃദത്തിലായി. ഇത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിത്തിരിവായി. നായകനായും വില്ലനായും സ്വഭാവ നടനായും തിരശ്ശീലയില്‍ നിറഞ്ഞ അദ്ദേഹം ഒരേസമയം കൊമേഡിയനായും ക്യാരക്ടര്‍ റോളുകളും കൈകാര്യം ചെയ്തിരുന്നു. 73 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം സിനിമയ്ക്കായി മാറ്റിവെച്ചത് അദ്ദേഹത്തിന്റെ 43 വര്‍ഷങ്ങള്‍. 43 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹം മലയാളത്തിനും മലയാളികള്‍ക്കുമായി സമ്മാനിച്ചത് 500 ലേറെ സിനിമകളാണ്.
1978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍മാന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വ്യത്യസ്തമാര്‍ന്ന അഭിനയ ശൈലി കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയെ കൂടാതെ നാടകത്തിലും അരങ്ങുതകര്‍ത്ത അദ്ദേഹം നാടന്‍ പാട്ടിലും കഥകളിലും മൃദംഗത്തിലും ഒക്കെ കഴിവ് തെളിയിച്ചിരുന്നു.
ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. തീര്‍ഥം, കാറ്റത്തെ കിളിക്കൂട്, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങീ 9 ചിത്രങ്ങള്‍ക്ക് അദ്ദേഹം കഥകളെഴുതി. പൂരം എന്ന ചിത്രവും കൈരളി വിലാസം ലോഡ്ജ് എന്ന സീരിയലും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള, മാര്‍ഗം, തേന്മാവിന് കൊമ്പത്ത്, ഭരതം, ചാമരം, പാദമുദ്ര, ഓടരുതമ്മാവാ ആളറിയാം, ചിത്രം, സര്‍വ്വകലാശാല, ദേവാസുരം, സര്‍ഗം തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. മോഹന്‍ലാലിനൊപ്പം മികച്ച അഭിനയമാണ് അദ്ദേഹം പാദമുദ്രയില്‍ കാഴ്ച്ചവെച്ചത്. അഗസ്റ്റിന് ഇലഞ്ഞിപ്പിള്ളിയുടെ നിര്‍മ്മാണത്തില്‍ ആര്.സുകുമാരന്റെ സംവിധാനത്തില്‍ പിറഞ്ഞ ഈ ചിത്രം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയിരുന്നു. ചിത്രത്തില്‍ യേശുദാസ് ആലപിച്ച അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും എന്ന ഗാനവും ശ്രദ്ധേയമായിരുന്നു.
3 തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും 6 തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയ മികവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും, 2003ല്‍ മാര്‍ഗ്ഗം എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്. 1980ല്‍ ചാമരം, 94ല്‍ തേന്മാവിന് കൊമ്പത്ത് എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും നേടി. 1981ല്‍ വിട പറയും മുമ്പേ, 87ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, 2003ല്‍ മാര്‍ഗ്ഗം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും നേടി. 1990ല്‍ ഭരതം, സാന്ത്വനം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.
അഭിനയ കുലപതി അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളും സംഭാവനകളും എക്കാലവും മലയാളികള്ക്കൊപ്പമുണ്ടാകും.