ത്രില്ലടിപ്പിക്കുന്ന “അഞ്ചാം പാതിര” – റിവ്യൂ.

0

അഞ്ചാം പാതിര റിവ്യൂ: ധ്രുവൻ ദേവർമഠം

 

“അഞ്ചാം പാതിര” പേരിലുള്ള നിഗൂഢത പോലെ തന്നെയാണ് ചിത്രത്തിന്റെ കഥാസഞ്ചാരവും. പല പല മാനങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രതികാര കഥ ഒറ്റ വാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം ഈ മിഥുൻ മാനുവൽ ചിത്രത്തെ. കൊച്ചി നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ പോലീസുകാർ കൊല്ലപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സിനിമാറ്റോഗ്രാഫിയുടെയും പശ്ചാത്തല സംഗീതത്തിന്റെയും മികവിലാണ് ചിത്രം പ്രേക്ഷകന് ത്രില്ലർ അനുഭവം നൽകുന്നത്.

 

 

തിരക്കഥയിൽ കുറേക്കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ മലയാളത്തിലെ ത്രില്ലർ മിസ്റ്ററി ചിത്രങ്ങളുടെ നാഴിക കല്ലായേനെ ഈ സിനിമ. ക്രൈം പാറ്റേണിൽ ഏറെക്കൂറെ ജിത്തു ജോസഫിന്റെ മെമ്മറീസിനോടാണ് ചിത്രത്തിന് സാമ്യത. അതിലും സീരിയൽ കില്ലിങ്ങിന് വഴിയൊരുക്കുന്നത്.ഭൂതകാലത്തിൽ വേട്ടക്കാരായി മാറിയവരോടുള്ള പ്രതികാരമാണ്. ഇതിലും അങ്ങനെ തന്നെ. കുഞ്ചാക്കോ ബോബന് നായകനായി എത്തിയിട്ടും കാര്യമായിട്ടൊന്നും ചെയ്യാൻ ഈ ചിത്രത്തിൽ ഇല്ലാ എന്നു തന്നെ പറയാം പക്ഷേ വേഷം മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.

 

 

തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ ഭാര്യ ഉണ്ണിമായ അഞ്ചാംപാതിരയിൽ മുഴുനീള പോലീസ് വേഷത്തിൽ എത്തുന്നുണ്ട്. വളരെ മനോഹരമായി തന്നെ അവർ ആ വേഷം ചെയ്തിട്ടുണ്ട്. ജിനു ജോസഫ്, രമ്യ നമ്പീശൻ, ജാഫർ ഇടുക്കി, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജു, സുധീഷ് , നിഖില വിമൽ, മാത്യു തോമസ്, ദിവ്യ ഗോപിനാഥ്, ഹരികൃഷ്ണൻ, പ്രിയനന്ദൻ, അഭിറാം പൊതുവാൾ, നന്ദനാ വർമ്മ, അസീം ജമാൽ, അർജുൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കൾ എല്ലാവരും അവരവരുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്.

 

 

കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ക്രിമിനൽ സൈക്കോളജിസ്റ്റായ അൻവർ ഹുസൈൻ പതിനാല് പേരെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ റിപ്പർ രവിയെ കാണാൻ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ആരംഭം . എ സി പി ആയ അനിൽ മാധവിന്റെ സുഹൃത്താണ് അൻവർ ഹുസൈൻ പലപ്പോഴും കേസ് അന്വേഷണങ്ങളുടെ ഭാഗമായി അൻവറിന്റെ സഹായം അവർ സ്വീകരിക്കാറുണ്ട്. കൊച്ചി എ സി പി അനിൽമാധവിന്റെ സഹായത്തോടെ പോലീസ് ഡിപ്പാർട്ട് മെന്റിൽ ഒഴിവുവരുന്ന ക്രിമനൽ സൈക്കോളജിസ്റ്റിന്റെ പോസ്റ്റിൽ സ്ഥിര നിയമനത്തിന് അവസരം കാത്തിരിക്കുകയാണ് അൻവർ ഹുസൈൻ. ആ സമയത്താണ് ഡി.വൈ.എസ്.പി അബ്രഹാം കോശി ദുരൂഹമായ സാഹചര്യത്തിൽ അതിക്രൂരമായി കൊല്ലപ്പെടുന്നത്. ഹൃദയവും കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലാണ് ബോഡി ലഭിക്കുന്നത്. അനിൽ മാധവിന് ഒപ്പം ആ കൊലപാതക കേസിന്റെ അന്വേഷണ സംഘത്തിന് ഒപ്പം അൻവറും ചേരുന്നു. അബ്രഹാം കോശിയുടെ മരണ സീനിൽ എത്തുന്ന അയാൾ സൂചനകൾ കാണുമ്പോൾ തന്നെ പോലീസുകാരെ വേട്ടയാടുന്ന ഒരു സീരിയൽ കില്ലറുടെ സാനിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ പോലീസ് അത് കാര്യമാക്കുന്നില്ല.

 

 

 

പിന്നീട് വീണ്ടും ഒരു പോലീസുകാരൻ കൂടി സമാനമായ രീതിയിൽ കൊല്ലപ്പെടുന്നതോടെ അൻവറിനെ കൂടിപോലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമാകുന്നു. ഒരു തെളിവുകൾ പോലും അവശേഷിപ്പിക്കാതെ ദുരൂഹസാഹചര്യത്തിൽ പോലീസുകർ ക്രൂരമായി നഗരത്തിൽ കൊല്ലപ്പെടുന്നു. അത് അൻവർ അടങ്ങുന്ന അന്വേഷണ സംഘത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നു. അന്വേഷിച്ച് എത്തുന്ന എല്ലാ കണ്ണികളും പകുതിയിൽ വച്ച് അവർക്ക് നഷ്ട്ടമാകുന്നു . അതോടു കൂടി അന്വേഷണ ടീമിനെ മാറ്റി പുതിയൊരു ടീമിനെ ഏൽപ്പിക്കുന്നു. എന്നാൽ അൻവർ പരാജയം സമ്മതിക്കാൻ തയ്യാറാവുമില്ല; ചില ചെറിയ ചെറിയ ക്ലൂ കൾ ഉപയോഗിച്ച് അൻവർ കുറ്റവാളിയെ തേടിയാത്ര തുടരുന്നു. അൻവർ എങ്ങനെയാകും കുറ്റവാളിയിലേക്ക് എത്തുക. എന്താകും പോലീസുകാരെ വേട്ടയാടാനുള്ള കാരണം .അയാളെ കീഴടക്കാൻ അൻവറിനും സംഘത്തിനും സാധിക്കുമോ. അവർ ടാർജറ്റ് ചെയ്ത അവസാന ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തുമോ അങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തീയറ്ററിൽ ഒരു ശരാശരി ത്രില്ലർ അനുഭവം നൽകുന്ന ‘അഞ്ചാം പാതിര’ എന്ന ചിത്രം.

 

 

 

മലയാളത്തിൽ 2020 തുടക്കത്തിൽ ഇറങ്ങിയ മോശമല്ലാത്ത ഒരു സിനിമ അങ്ങനെ വിശേഷിപ്പിക്കാം അഞ്ചാം പാതിരയെ. സംവിധായകൻ കുറെ കൂടി മൈക്രോഡീറ്റേലിങ്ങിന് പ്രാധാന്യം നൽകിയിരുന്നെങ്കിൽ വെറെ തലത്തിൽ ആസ്വാദന മികവ് നൽകിയേനെ ചിത്രം. എന്തായാലും ത്രില്ലർ ചിത്രങ്ങൾ ഇഷ്ട്ടമുള്ളവർക്ക് ഒരു വട്ടം കാണാൻ തീർച്ചയായും വക നൽകുന്നുണ്ട് ഈ സിനിമയിൽ.

 

 

 

You might also like