രഹസ്യങ്ങളെ തേടി ഒരു “അന്വേഷണം”; ഇത് നിങ്ങളുടെ കുടുംബത്തിലും സംഭവിക്കാം.

0

അന്വേഷണം റിവ്യൂ: മീര ജോൺ

രഹസ്യങ്ങള്‍ തേടിയുള്ള ഒരു യാത്രയാണ് ജയസൂര്യയെ നായകനാക്കി പ്രഷോഭ് വിജയന്‍ സംവിധാനം ചെയ്ത “അന്വേഷണം”. ശ്രുതി രാമചന്ദ്രന്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയി, നന്ദു, ശ്രീകാന്ത് മുരളി, ജയ് വിഷ്ണു തുടങ്ങയിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരു ആശുപത്രിയില്‍ ഒറ്റ രാത്രി നടക്കുന്ന കഥയാണ് അന്വേഷണം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെയും കുട്ടിയുടെ മാതാപിതാക്കളെയും ചുറ്റിപറ്റി നടക്കുന്ന കുറ്റാന്വേഷണമാണ് കഥാതന്തു.


അരവിന്ദന്‍ (ജയസൂര്യ) കവിത (ശ്രുതി) ദമ്പതികളുടെ മകനാണ് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കഴിയുന്ന കുട്ടി. അരവിന്ദന്റെയും കവിതയുടെയും സുഹൃത്തായ ഡോക്ടര്‍ ഗൗതമായി വിജയ് ബാബു എത്തുമ്പോള്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സായി ലെനയും എത്തുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയായി ലിയോണയും എത്തുന്നുണ്ട്. ഈ അഞ്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഒരു ആശുപത്രിക്കുള്ളിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.


മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന അരവിന്ദന് ഭാര്യയും രണ്ട് കൊച്ചു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ്. ഒരു ദിവസം മകന് പെട്ടെന്നൊരപകടം സംഭവിക്കുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും കുട്ടിയുടെ മുറിവുകള്‍ പരിശോധിച്ച നഴ്‌സിന് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയും ചെയ്യുന്നു. കുട്ടിക്ക് അപകടം എങ്ങനെ സംഭവിച്ചു എന്നതിന്റെ സത്യാവസ്ഥ തേടി പൊലീസ് എത്തുന്നതും ഒറ്റ രാത്രി കൊണ്ട് സത്യങ്ങള്‍ ചുരുളഴിയുന്നതുമാണ് ചിത്രം.


കുറ്റവാളി ആരാണെന്നും കുറ്റകൃത്യം ചെയ്തത് എന്തിനാണെന്നുമുള്ള ചോദ്യങ്ങളിലൂടെ കടന്നു പോകുന്ന ഒന്നാം പകുതിയില്‍ ജയസൂര്യയുടെ കഥാപാത്രത്തെ അധികം ഫോക്കസ് ചെയ്യാതെ മറ്റ് കഥാപാത്രങ്ങളെയാണ് ഫോക്കസ് ചെയ്യുന്നത്. ഒന്നാം പകുതി സത്യത്തിന്റെ ചുരുള്‍ തേടിയുള്ള യാത്രയാണെങ്കില്‍ വളരെ ഇമോഷണലായ രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ രണ്ടാം പകുതി സഞ്ചരിക്കുന്നത്.


കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളായി ഫ്‌ളാറ്റുകളിലേയ്ക്ക് ചേക്കേറുമ്പോള്‍ പാരന്റിംഗില്‍ ഉണ്ടാകുന്ന പാളിച്ചകളും ചിത്രം ചര്‍ച്ച ചെയ്യുന്നു. പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന അരവിന്ദന്‍ എന്ന കഥാപാത്രത്തെ ജയസൂര്യ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയായെത്തിയ ശ്രുതി രാമചന്ദ്രനും തന്റെ ആഴമുള്ള കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. ചിത്രത്തില്‍ അസിസ്റ്റന്റ് കമ്മീഷണറായെത്തിയ ലിയോണ ലിഷോയുടെ അഭിനയവും കൈയ്യടി അര്‍ഹിക്കുന്നതാണ്. ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ ലിയോണ അതി മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിജയ് ബാബു, ലെന, നന്ദു തുടങ്ങിയ താരങ്ങളും അവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി.

ഒറ്റ രാത്രിയില്‍ സംഭവിക്കുന്ന കുറ്റാന്വേഷണ കഥ തിരക്കഥയാകുമ്പോള്‍ ഉണ്ടാകുന്ന പോരായ്മകളെ ഒരു പരിധി വരെ അപ്പു ഭട്ടതിരിയുടെ ചിത്രസംയോജനത്തിലൂടെ മറികടക്കാനായിട്ടുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറയും ജേക്‌സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന് മുതല്‍കൂട്ടായി.

പേര് പോലെ തന്നെ സങ്കീര്‍ണമായൊരു ചിത്രമാണ് അന്വേഷണം. കുറ്റത്തിന്റെ പുറകെ പോകുന്ന ഒരു അന്വേഷണ ചിത്രമല്ല “അന്വേഷണം”. സ്ഥിരം പാറ്റേർണിൽ സഞ്ചരിക്കാതെ പ്രേക്ഷകന്റെ മനസ്സിൽ തങ്ങുന്ന പുതു അനുഭവം സൃഷ്ട്ടിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടിട്ടുണ്ട്.

You might also like