
പപ്പയുടെ സ്വന്തം അപ്പൂസ്, തന്മാത്ര എന്നിവക്ക് ശേഷം .. അച്ഛന് – മകന് ബന്ധം പറയുന്ന ചിത്രമാകാന്‍ പൃഥ്വിരാജിന്റെ ‘9’..
അച്ഛന് മകന് ബന്ധം പറയുന്ന ചിത്രങ്ങള്‍ എന്നും മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ് . ഇത്തരത്തിലൊരു സിനിമയാണ് 992ല്‍ പുറത്തിറങ്ങിയ ‘പപ്പയുടെ സ്വന്തം അപ്പൂസ്’. മമ്മൂട്ടിയും മാസ്റ്റര്‍ ബാദുഷയും തകര്‍ത്തഭിനയിച്ച ചിത്രം അന്ന് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 250ല്‍ അധികം ദിവസമാണ് തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.
സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റര്‍ ബാദുഷ, ശങ്കരാടി തുടങ്ങിയ താര നിരകള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം അക്കാലത്തെ വമ്പന്‍ ഹിറ്റായിരുന്നു. ഇളയരാജ ഒരുക്കിയ ചത്രത്തിലെ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഉണ്ട്.
മോഹന്‍ലാലും അര്ജ്ജുന് ലാലും മുഖ്യ വേഷത്തില്‍ എത്തി, 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘തന്മാത്ര’ . അച്ഛന്-മകന് ആത്മബന്ധത്തിന്റെ കഥ വൈകാരികമായി ദൃശ്യവല്‍ക്കരിച്ച ചിത്രമാണിത്.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ഒരാള്‍ക്ക് അള്‍ഷിമേഴ്സ് ബാധിക്കുന്നതും തുടര്‍ന്നുള്ള അയാളുടെ ജീവിതവുമായിരുന്നു പ്രമേയം, ഒപ്പം അച്ഛന് മകന് ബന്ധത്തിന്റെ തീവ്രതയും വൈകാരികമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകന് ബ്ലെസിക്ക് സാധിച്ചു. 2005ലെ മികച്ച ചിത്രത്തിനും മികച്ച നടനുമടക്കമുള്ള നിരവധി പുരസ്ക്കാരങ്ങളാണ് അന്ന് ചിത്രത്തെ തേടിയെത്തിയത്.
ഈ ചിത്രങ്ങള്‍ മാത്രമല്ല ഈ ഗണത്തില്‍ പെടുന്ന മറ്റ് ചിത്രങ്ങളായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കുടുംബപുരാണം, പെരുന്തച്ചന്, സ്ഫടികം, കിരീടം , വേഷം, ബാലേട്ടന്, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളും അച്ഛന് മകന് ബന്ധത്തിന്റെ കഥ പറഞ്ഞ് ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയവയാണ്. ആ നിരയിലേക്ക് ഒട്ടേറെ പുതുമകളുമായി ഒരു സിനിമ കൂടി എത്തുകയാണ്.
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ‘9’, മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഡ്രാമയാണ് സിനിമയാണ്. 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലൂടെ സംവിധായകനായെത്തിയ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘9’.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിച്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത് . ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനൊടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രവും അച്ഛന് മകന് ആത്മ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
വമിഖ , പ്രകാശ് രാജ് , മംമ്ത മോഹന്‍ദാസ് , മാസ്റ്റര്‍ അലോക് , ശേഖര്‍ മേനോന്, ടോണി ലുക്, വിശാല്‍ കൃഷ്ണ , ആദില്‍ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഫെബ്രുവരി ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.