
കന്നിചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റ് : അച്ഛനോടും ദൈവത്തിനോടും നന്ദിപറഞ്ഞ് സുപ്രിയ മേനോൻ
കന്നിചിത്രം ‘9’ന് യു സർട്ടിഫിക്കേറ്റ് കിട്ടിയ സന്തോഷത്തിലാണ് സുപ്രിയ മേനോൻ. എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹമാണെന്ന് സുപ്രിയ പറയുന്നു. തന്റെ ഇൻസ്റാമ്ഗ്രാമിലാണ് സുപ്രിയ എല്ലാവരോടും നന്ദി അറിയിച്ചത്. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് പൃഥിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്. പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘9’ ന്റെ നിര്‍മ്മാണം പൃഥിരാജും സുപ്രിയയും ചേര്‍ന്നാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരഭമാണ് നയന്‍. സോണി പിക്ച്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷന്‍സ് ‘നയന്‍’ നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘9’ . ‘9’ന്റെ നിർമ്മാണഘട്ടങ്ങളിൽ നിർമ്മാതാവിന്റെ വേഷത്തിൽ സജീവമായി തന്നെ സുപ്രിയയുണ്ട്. സിനിമയുടെ ചിത്രീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ നിർമ്മാതാവായ സുപ്രിയയ്ക്ക് നല്ലൊരു ക്രെഡിറ്റുണ്ടെന്ന് സംവിധായകൻ ജെനൂസ് തന്നെ പറഞ്ഞിരുന്നു.
ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന ‘9’ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറില്‍ വരുന്ന ചിത്രമാണ്. അഭിനന്ദന് രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ജനുവരി 27നു പുറത്തിറങ്ങും. രണ്ടു ഗാനങ്ങളാണ് ഉള്ളത്. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകന്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്.
‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാന് എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖര്‍ മേനോന്, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങള്‍. തിരുവനന്തപുരം, കുട്ടിക്കാനം, മനാലി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരിച്ച ‘9’ ഫെബ്രുവരി ഏഴിന് റിലീസിനെത്തും.