
ഞെട്ടിക്കാനൊരുങ്ങി വിനയൻ : ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു..
വിനയൻ എന്ന സൂപ്പർ സംവിധായകന്റെ സൂപ്പർഹിറ്റ് ഹൊറര്‍ കോമഡി ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം ആഗ്രഹിക്കാത്ത ഒരു സിനിമാസ്വാദകരും ഉണ്ടാവില്ല. ഇപ്പോൾ ഇതാ അത്തരത്തിലുള്ള പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിനയൻ. കഴിഞ്ഞ ദിവസം മോഹൻലാലുമായി പിണക്കം മാറി പുതിയ ചിത്രത്തിനുള്ള ഒരുക്കത്തിന്റെ കാര്യം വെളിപ്പെടുത്തിയതോടെ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഓരോ ആരാധകരും.ഇപ്പോൾ ആകാശഗംഗയുടെ രണ്ടാംഭാഗം ഇറക്കാൻ പോകുന്നു എന്ന് കൂടി അറിയിച്ചിരിക്കുകയാണ് വിനയൻ .
വിനയന് തന്നെയായിരുന്നു അക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയില്‍ നിന്നും വിലക്ക് നേരിട്ടതോടെ വിനയന്റെ കാലം കഴിഞ്ഞെന്ന് എല്ലാവരും കരുതിയെങ്കില്‍ അതെല്ലാം തട്ടിത്തെറിപ്പിച്ചാണ് വിനയന്റെ വരവ്.വിനയന്റെ സിനിമകള്‍ക്ക് വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറിയ സാഹചര്യത്തിലാണ് വലിയ കാന്‍വാസില്‍ സാങ്കേതിക തികവോടെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിനയന് പറയുന്നത്.
വിനയന് സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ഹൊറര്‍ കോമഡി ചിത്രമായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം വരുന്നതായിട്ടാണ് പറയുന്നത്. 1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്. ദിവ്യ ഉണ്ണിയും മയൂരിയും നായികമാരായി എത്തിയ ചിത്രത്തില്‍ റിയാസും മുകേഷുമായിരുന്നു നായകന്മാര്. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ ആര് കഥ ഒരുക്കുമെന്നോ താരങ്ങള്‍ ആരൊക്കെയാണെന്നോ വ്യക്തമല്ല. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിനയന് തന്നെ പുറത്ത് വിടുമെന്നാണ് കരുതുന്നത്.