
അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട് : ഭാവന
മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് അന്യഭാഷകളിൽ തിളങ്ങിയ താരസുന്ദരിയാണ് ഭാവന. സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തുവെങ്കിലും നടി ഇപ്പോൾ സിനിമയിൽ സജീവമാവാൻ തുടങ്ങുകയാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ സൂപ്പർഹിറ്റായ വിജയ് സേതുപതി -തൃഷ ചിത്രം 96 ന്റെ കന്നട പതിപ്പില്‍ പ്രധാനവേഷത്തില്‍ ഭാവനയാണ് എത്തുന്നത്. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗണേഷ് ആണ് നായകന്.
മലയാളത്തിന്റെ ക്യൂട്ട് ആൻഡ് ബോൾഡ് നടിയാണ് ഭാവന. നടിയുടെ വളർച്ചയിൽ വലിയ മേക്കോവർ ഉണ്ടായിട്ടുണ്ട്. സിനിമയിലെ തുടക്കകാലത്ത് അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ആ തീരുമാനം മാറിയെന്നും ഭാവന പറയുന്നു. നവീനുമായി പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും താരം മനസ്സു തുറന്നു.
നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്കകാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി. പിന്നീട് തമിഴിലും മറ്റു ഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചു.
നവീനുമായുള്ള പ്രണയം
റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ അന്ന് കന്നട സംസാരിക്കാന്‍ അറിയില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അമ്മയ്ക്ക് നവീനെ നല്ല ഇഷ്ടമായിരുന്നു. മലയാളി അല്ലാത്തതിനാല്‍ അച്ഛന് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീനെ നേരിട്ട് കണ്ടപ്പോള്‍ അച്ഛന് വളരെ ഇഷ്ടമായി.
സിനിമയിലെ സൗഹൃദങ്ങള്‍
സിനിമയില്‍ എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട്. ശില്‍പ്പ ബാല, രമ്യ നമ്പീശന്, മഞ്ജു വാര്യര്‍, മൃദുല, സംയുക്ത വര്‍മ, ഷഫ്ഹ, സയനോര, ശ്രിദ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് ഇവരെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്- ഭാവന കൂട്ടിച്ചേര്‍ത്തു.