
മൊബൈൽ നിരോധിച്ചു, സുരക്ഷയ്ക്കായി 15 പേർ, ആടൈയിലെ നഗ്ന രംഗം ഷൂട്ട് ചെയ്യാൻ നേരം പിരിമുറുക്കം അനുഭവിച്ചിരുന്നെന്ന് അമല പോൾ
ആടൈ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തിയതെന്നും അമല പോൾ. ആടൈയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് കരിയറില്‍ താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. ട്രെയിലറിലെ വിവാദരംഗത്തെക്കുറിച്ചും അമല പോള്‍ പ്രതികരിച്ചു.
ഈ രംഗത്തിന് വേണ്ടി ഒരു പ്രത്യേക തരം കോസ്റ്റിയൂം ഉപയോഗിക്കാം എന്ന് സംവിധായകൻ രത്നകുമാർ പറഞ്ഞെങ്കിലും അമല അതിനെ പ്രോത്സാഹിപ്പിച്ചില്ല. അതേകുറിച്ച് ഓർത്ത് വിഷമിക്കണ്ട എന്നായിരുന്നു അമലയുടെ നിലപാട്.
പക്ഷെ ഷൂട്ടിംഗ് ദിവസം എത്തിയതോടെ അമലയ്ക്ക് പിരിമുറുക്കം കൂടി. സെറ്റിൽ എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള ആകാംഷയായി. ആരൊക്കെ ഉണ്ടാവും, അവിടെ സുരക്ഷിതമാണോ എന്നൊക്കെയായി അമലയുടെ ചിന്ത.കേവലം 15 പേർ മാത്രമുണ്ടായിരുന്ന സെറ്റ് ആയിരുന്നു അതപ്പോൾ. ക്രൂവിനെ വിശ്വസിച്ചിരുന്നില്ലെങ്കിൽ അത് ചെയ്യില്ലായിരുന്നെന്നും അമല പറയുന്നു.
ആടൈക്കു മുൻപ് ഏതാണ്ട് സിനിമാ അഭിനയം അവസാനിപ്പിച്ച അവസ്ഥയിലായിരുന്നു താൻ എന്ന് അമല പറയുന്നു. കിട്ടിയിരുന്ന ഓഫറുകൾ ഒക്കെയും നുണ പോലെ തോന്നിയിരുന്നു. ഒക്കെയും നായികാ കേന്ദ്രീകൃതം ആയിരുന്നെങ്കിലും കഥാതന്തു വളരെ ലളിതമായിരുന്നു. ബലാത്സംഗത്തിന് ഇരയായവളെ പോലെ, അവളുടെ പോരാട്ടങ്ങളിലൂടെ അല്ലെങ്കിൽ സ്വന്തം ഭർത്താവിനെ അകമഴിഞ്ഞ് പിന്തുണക്കുന്നവളായി, ത്യാഗോജ്വലയായ അമ്മയായി… ഇതിലൊന്നും ഭാഗഭാക്കാവാൻ തനിക്ക് താൽപ്പര്യം ഇല്ലായിരുന്നെന്ന് അമല പറയുന്നു.കാമിനി എന്നാണ് ആടൈയിലെ അമലയുടെ കഥാപാത്രത്തിന് പേര്. ചിത്രം ജൂലൈ 19ന് തിയേറ്ററിലെത്തും.