“ബന്ധം പിരിഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊല്ലുമെന്നും ഭീഷണി” ലൈവില്‍ പൊട്ടിക്കരഞ്ഞ് മമ്മൂട്ടിയുടെ നായിക; വീഡിയോ വൈറല്‍

0

മമ്മൂട്ടിയുടെ നായികയായി പേരന്‍പിലൂടെ വെള്ളിത്തിരയിലെത്തി മലയാളികള്‍ക്ക് സുപരിചിതയായ ട്രാന്‍സ്‌ജെന്‍ഡര്‍ നടിയാണ് അഞ്ജലി അമീര്‍. ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്നും തനിക്കുണ്ടായ വധഭീഷണി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആഡിഡ് ഒഴിക്കുമെന്നും അഞ്ജലി പറയുന്നു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്നും തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതായും അഞ്ജലി അമീര്‍ പറഞ്ഞു.

‘കുറച്ച് നാള്‍ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരാള്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങള്‍ കൊണ്ട് ലിവിംഗ് ടുഗദറില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാള്‍ എന്നെ ചതിക്കാന്‍ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസില്‍ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്.

മാനസികമായി അടുപ്പമില്ലെങ്കില്‍ പോലും ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജില്‍ എന്നെ കൊണ്ടാക്കാന്‍ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാന്‍ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവര്‍ഷമായി അയാള്‍ ഒരു ജോലിക്കു പോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാള്‍ക്ക്. സത്യത്തില്‍ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ജീവിതം മതിയായി. വേറൊരു നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്. ഒന്നരവര്‍ഷമായി അയാള്‍ക്ക് ജോലിയില്ല. ഞാന്‍ ജോലി ചെയ്തുണ്ടാക്കുന്ന കാശുമുഴുവന്‍ ഇയാള്‍ക്ക് കൊടുക്കേണ്ടിയും വരുന്നു.

വളരെക്കാലമായി ഞാന്‍ പറയുന്നു. എനിക്കു നിങ്ങളോടു പ്രണയമില്ല. എന്നാലും കൈയും കാലും പിടിച്ച് പിന്നാലെ കൂടും. അച്ഛനോ അമ്മയോ ആരുമില്ലാത്തതാണ് അയാള്‍ മുതലെടുക്കുന്നത്. ആത്മഹത്യയുടെ വക്കിലാണ്. മാനസികമായും ശാരീരികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. എന്തെങ്കിലും പറ്റിയാല്‍ തന്നെ ആരുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഇങ്ങനെ തുറന്നു പറയുന്നത് മോശമാണെന്നറിയാം. അത്ര നിവൃത്തികേടുകൊണ്ടാണ് ലൈവില്‍ വരുന്നത്. അനീസ് വി സി എന്നാണ് അയാളുടെ പേര്. കൊടുവള്ളി സ്വദേശിയാണ്.’ ആസിഡ് ഭീഷണി മുഴക്കിയ വ്യക്തിയുടെ മാതാപിതാക്കളുടെ പേരുകളും അഞ്ജലി ലൈവില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.’എന്നെയൊന്ന് ഒഴിവാക്കിത്തന്നാല്‍ മതി. എവിടെയെങ്കിലും പോയി വീടെടുത്തു താമസിച്ചോളാം.’ അഞ്ജലി പറഞ്ഞു.

You might also like