
‘ചാര്‍ളിയില്‍ നായികയാകേണ്ടിയിരുന്നത് ഞാന്‍’ ; ജോസഫിലെ നായിക
ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് മാധുരി. ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളുടെ പ്രദര്‍ശനം തുടരുകയാണ്. ജോസഫിലൂടെ തനിക്ക് മലയാളത്തില്‍ ഇടം കിട്ടുന്നതിനു മുമ്പ് തനിക്ക് മലയാളത്തില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം നഷ്ടമായിരുന്നുവെന്നു മാധുരി പറയുന്നു. ദുല്‍ഖര്‍ സല്മാന് നായകനായ ‘ചാര്‍ളി’യിലാണ് താന്‍ ആദ്യം നായിക ആകേണ്ടിയിരുന്നതെന്നാണ് മാധുരി പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
‘ഓഡിഷന് വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ ‘ മാധുരി പറയുന്നു.ചാര്‍ളിയുടെ നിര്‍മ്മാതാവ് നടന് ജോജുവായിരുന്നു. ഇപ്പോള്‍ അതേ ജോജുവിന്റെ നായികയായി തന്നെ മാധുരി മലയാളത്തില്‍ എത്തിയിരിക്കുന്നുവെന്നതാണ് മറ്റൊരു കൗതുകം.
മാധുരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പലരും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ മാധുരിയുടെ പ്രതികരണവും വലിയ വാര്‍ത്തയായിരുന്നു. ഈ വിഷയത്തിലും അഭിമുഖത്തില്‍ മാധുരി പ്രതികരിക്കുന്നുണ്ട്.
‘ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിത്. മോഡലിംഗ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളര്‍ന്നു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഞാന്‍. അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല. ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പിച്ചതാണ്. എന്റെ പേരില്‍ വ്യാജ പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ’ മാധുരി പറയുന്നു.