“ആ റോള്‍ എനിക്ക് കിട്ട്വോ…?” “നീ ആ റോള്‍ ചെയ്താല്‍ ആളുകള്‍ എന്നെ തല്ലും… പോടാ”, “ആ റോളിനായി മോഹന്‍ലാല്‍ എന്റെ പിറകെ നടന്നു”, വെളിപ്പെടുത്തലുമായി സംവിധായകന്‍

0

വില്ലനായി വെള്ളിത്തിരയില്‍ അരങ്ങേറി ഒടുവില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി മാറിയ മോഹന്‍ലാല്‍ കരിയറിന്റെ തുടക്കം മുതല്‍ തന്നെ തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുമായിരുന്നു. അത്തരത്തിലൊരു ത്യാഗത്തിന്റെ കഥയാണ് സംവിധായന്‍ പി.ചന്ദ്രകുമാര്‍ പറയുന്നത്. 1985ല്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ഉയരും ഞാന്‍ നാടാകെ. ചിത്രത്തില്‍ ഒരു ആദിവാസി ആയാണ് മോഹന്‍ലാല്‍ വേഷമിട്ടത്. എന്നാല്‍ ആ വേഷത്തിനായി മോഹന്‍ലാലിന് സംവിധായകന്‍ പി.ചന്ദ്രകുമാറിന്റെ പുറകെ ഒരുപാടു നടക്കേണ്ടി വന്നു. ആ വേഷം മറ്റൊരു നടനായി മാറ്റിവെച്ചെങ്കിലും അത് മോഹന്‍ലാലിന് കൊടുക്കേണ്ടി വന്നു.

ഇതേകുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പി.ചന്ദ്രകുമാര്‍. “ഉയരും ഞാന്‍ നാടാകെ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്റെയടുത്തേക്ക് വരുന്നു. അന്ന് ലാല്‍ സെറ്റിലുണ്ട്. പി എം താജില്‍ നിന്നും കഥയൊക്കെ കേട്ടപ്പോള്‍ നല്ല റോളാണല്ലോ എനിക്ക് കിട്ട്വോ? എന്നായി ലാല്‍. താജ് പറഞ്ഞു നീ ചന്ദ്രേട്ടനോട് പോയി ചോദിക്ക്. എനിക്കറിയില്ല. ഉടനെ ലാല്‍ എന്റെയടുത്തേക്ക് വന്ന് കാര്യം പറഞ്ഞു. കറുത്ത് പരുക്കനായ ആദിവാസി ലുക്കുള്ളത് രതീഷിനാണ്. അല്ല ചന്ദ്രേട്ടാ അത് ഞാന്‍ ചെയ്യാം എന്നായി ലാല്‍. നീ ശരിയാവില്ല എന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു. മൂന്ന് നാല് ദിവസം ഇത് തന്നെ പറഞ്ഞ് നടന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു. വെളുത്ത നീ ഈ റോള്‍ ചെയ്താല്‍ ആളുകള്‍ എന്നെ തല്ലും. നീ പോടാ, അത് കേട്ട് ലാല്‍ വല്ലാതെ വിഷമിച്ച് തിരിച്ച് പോയി. പിറ്റേ ദിവസം ഞാന്‍ നോക്കുമ്പോള്‍ പോലീസ് ഓഫീസറായി വേഷം ചെയ്ത് നില്‍ക്കേണ്ടയാള്‍ കരിയൊക്കെ വാരിത്തേച്ച് തോര്‍ത്ത് മുണ്ട് ഉടുത്ത് നില്‍ക്കുന്നു.

കാറില്‍ വരുമ്പോള്‍ ഞാന്‍ കാണാന്‍ വേണ്ടി മുമ്പില്‍ തന്നെ നില്‍ക്കുകയാണ്. ഞാന്‍ കാണാത്ത പോലെ മുഖം തിരിച്ച് നടന്നു. പിള്ളേരോട് ചോദിച്ചു. എന്താടാ ഇത്? അപ്പോള്‍ അവര്‍ പറഞ്ഞു- അത് ചന്ദ്രേട്ടന്‍ കാണാന്‍ വേണ്ടിയാണ്. അടുത്ത സിനിമയിലെ റോളിന് വേണ്ടി. ഞാനൊന്നും മിണ്ടിയില്ല. എന്റെ മുമ്പില്‍ കൂടി രണ്ട് പ്രാവിശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുടിയൊക്കെ പരത്തിയാണ് നില്‍ക്കുന്നത്. എന്നിട്ട് എന്റെ അടുത്ത് വന്ന് ചന്ദ്രേട്ടാ എങ്ങനെയുണ്ടെന്ന് ചോദ്യം. പൊലീസ് ഓഫീസറുടെ വേഷമല്ലേ നിനക്ക്? ഇതെന്ത് വേഷമാണെന്ന് ഞാന്‍ ചോദിച്ചു. ഇതാരാ ഇടാന്‍ പറഞ്ഞത്? കണ്ണൊക്കെ നിറച്ച് ലാല്‍ പോയി. ഒന്നും മിണ്ടിയില്ല. പിന്നീട് ഞാന്‍ ആലോചിച്ചു. ഇത്രയും ഡെഡിക്കേഷന്‍ അത് രതീഷിനില്ല. റോളിനെ കുറിച്ച് പറഞ്ഞ ശേഷം എപ്പോഴാണ് ഷൂട്ട് തുടങ്ങുന്നതെന്ന് വിളിച്ച് പോലും ചോദിച്ചിട്ടില്ല. ലാല്‍ ഒരുപക്ഷേ ഇത് മനോഹരമായി ചെയ്യുമെന്ന് തോന്നി.

ഒടുവില്‍ ഞാന്‍ ലാലിനോട് പറഞ്ഞു- റോള്‍ തരാം. പക്ഷേ ഒരു നിബന്ധനയുണ്ട്. കാലില്‍ ചെരിപ്പിടരുത്. പിന്നെ പാന്റും ഷര്‍ട്ടും ഒന്നും ധരിച്ച് നടക്കരുത്. ഞങ്ങള്‍ തരുന്ന തുണികളെ ഇടാവൂ. പിന്നെ ഇവിടെ ലൊക്കേഷനില്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കരുത്. നൂറ് ഒര്‍ജിനല്‍ ആദിവാസികളെ കൊണ്ട് വരുന്നുണ്ട്. അവരുടെ ഇടയില്‍ പോയി ഇരിക്കണം. അവര്‍ക്കൊപ്പമിരുന്ന് അവരുടെ ചേഷ്ടകളും ആഹാരം കഴിക്കുന്ന രീതിയുമൊക്കെ പഠിക്കണം. അതൊക്കെ അക്ഷരംപ്രതി അനുസരിച്ചു. വയനാട്ടിലെ തണുപ്പില്‍ പത്തിരുപത് ദിവസം ലാല്‍ നന്നായി കഷ്ടപ്പെട്ടു. ഞങ്ങളൊക്കെ സെറ്ററിട്ട് നടന്നപ്പോള്‍ ഒരു തോര്‍ത്ത് മുണ്ടും പുതച്ച് കൊടും തണുപ്പില്‍ അഭിനയിച്ചു. ആ കഷ്ടപ്പാടിനുള്ള ഫലം കാണുകയും ചെയ്തു. അതിമനോഹരമായിരുന്നു ആ റോള്‍. ഡെഡിക്കേഷന്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്കുണ്ടോ എന്നെനിക്കറിയില്ല. അന്ന് ആ പ്രായത്തിലും പക്വതയുള്ള നടനായിട്ടില്ല ലാല്‍. അന്ന് തൊട്ടേ അങ്ങനെ ചിന്തിച്ച് കൊണ്ടായിരിക്കും. ഇന്ന് ലാല്‍ നമ്മള്‍ കാണുന്ന വലിയ സ്ഥാനത്ത് ഇരിക്കുന്നത്.”- പി.ചന്ദ്രകുമാര്‍

You might also like