പൃഥ്വിരാജ് സുരാജിന്റെ വീട്ടിലെത്തിയപ്പോള്‍…. കട്ട ഫാന്‍ പാട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

0

നാളേറെയായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഡ്രെവിംഗ് ലൈസന്‍സ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ഗാനവും മേക്കിംഗ് വീഡിയോകളും ടീസറുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ മേക്കിംഗ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 2 മിനിറ്റ് ദൈര്‍ഷ്യമുള്ള മേക്കിംഗ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തിലെ ‘ഞാന്‍ തേടും പൊന്‍താരം’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോയാണ് പുറത്തിറങ്ങിയത്.

പൃഥ്വിരാജ് തന്റെ വീട്ടില്‍ അതിഥിയായെത്തുന്നത് സുരാജിന്റെ കഥാപാത്രം സ്വപ്നം കാണുന്നതാണ് ഗാനപശ്ചാത്തലം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ആന്റണി ദാസാണ് ഗാനാലാപനം. യാക്‌സന്‍-നേഹ എന്നിവരുടെ സംഗീതത്തിലുള്ള ഈ ഗാനം യൂട്യുബില്‍ വന്‍ ഹിറ്റായിരിന്നു. ഒരു ആരാധകന്റെ സ്വപ്നം എന്നാണ് പാട്ടിന്റെ ക്യാപ്ഷന്‍. അത് തന്നെ അനുവര്‍ത്ഥമാക്കുന്ന ദൃശ്യങ്ങളാണ് ഗാനരംഗത്തില്‍. ആന്റണി ദാസിന്റെ വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മേക്കിംഗ് വീഡിയോയും തരംഗമാവുകയാണ്.

ഹണീ ബിക്ക് ശേഷം ഹായ് ഐ ആം ടോണി, ഹണീ ബി 2 എന്നീ സിനിമകള്‍ ഒരുക്കിയ ജീന്‍ പോള്‍ ലാലിന്റെ പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഹണീ ബി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന ലാല്‍ ജൂനിയറിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. പൃഥ്വിരാജിന്റെ 105ാമത്തെ ചിത്രവും. ബ്രദേഴ്സ് ഡേയ്ക്ക് ശേഷമെത്തുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറായി പൃഥ്വിരാജും അദ്ദേഹത്തിന്റെ ആരാധകനായി സുരാജും വേഷമിടുന്നു. ചിത്രത്തില്‍ ഹരീന്ദ്രന്‍ എന്ന മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ താരമായി വിലസുന്ന ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് സുരാജിന്റെ കഥാപാത്രമായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിള. ഒരു പ്രത്യേക സാഹചര്യത്തില്‍ ഹരീന്ദ്രനും കുരുവിളയും തമ്മിലൊരു പ്രശ്‌നമുണ്ടാകുകയും കുരുവിള തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും തുടര്‍ന്ന് രണ്ട് പേരുടെയും ജീവിതത്തിലുണ്ടാവുന്ന സംഭവ ബഹുലമായ സംഭവങ്ങളുമാണ് ഡ്രൈവിംഗ് ലൈസന്‍സ്.

ദീപതി സതിയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍. സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്‌സ്, സലിംകുമാര്‍, സൈജുകുറുപ്പ്, വിജയരാഘവന്‍, മേജര്‍ രവി, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, അരുണ്‍, അനീഷ് ജി മേനോന്‍, ആദീഷ്, വിജയകുമാര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍ മാത്രമല്ല നിര്‍മ്മാതാവ് കൂടിയാണ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്‌സ് പുളിക്കലാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യാക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീതം പകരുന്നു. പി.ആര്‍.ഓ എ.എസ് ദിനേശ്.

You might also like