ജാവയില്‍ കറങ്ങി സുകുമാര കുറുപ്പ്; ചിത്രം വൈറല്‍

0

ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദുല്‍ഖര്‍ ഇന്ന് മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും സുപരിചിതനാണ്. ചുരുങ്ങിയ നാള്‍ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കാനും ഈ അത്ഭുതപ്രതിഭയ്ക്കായി.  സുകുമാരക്കുറുപ്പാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ വിശേഷം. നാളേറെയായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. ഇപ്പോഴിതാ ചിത്രത്തിലെ ദുല്‍ഖറിന്റെ പുതിയ ലുക്ക് വൈറലാവുകയാണ്. നേരത്തെ നീളന്‍ മുടിയും വീതിയുള്ള കൃതാവും ബുള്‍ഗാന്‍ താടിയുമായി മരണ മാസ്സ് ലുക്കിലെത്തിയ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ പുതിയ ലുക്ക് പുറത്തുവിടുന്നത്. ജാവയിലിരിക്കുന്ന ദുല്‍ഖറിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തിന്റെ ഓരോ ലൊക്കേഷന്‍ സ്റ്റില്ലുകളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം കൂടിയാണ് കുറുപ്പ്. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരമായ ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വേഫെയര്‍ ഫിലിംസിന്റെയും എം സ്റ്റാര്‍ ഫിലിംസിന്റെയും ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനിയല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ്. ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവിയാണ് ഛായാഗ്രഹണം. കുമ്പളങ്ങി നൈറ്റ്സ്, വൈറസ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീതം നിര്‍വ്വഹിക്കുന്നത്. കമ്മരസംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ കലാസംവിധാനം.

1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ സംഭവത്തെ മുന്‍നിര്‍ത്തിയാണ് ചിത്രമൊരുങ്ങുന്നത്. എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടിയാണ് ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ സുകുമാരക്കുറുപ്പ് കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സുകുമാരക്കുറുപ്പ് മുങ്ങി. മാവേലിക്കരയില്‍ ദേശീയപാതയില്‍ വെച്ചായിരുന്നു സംഭവം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ട് എന്നതായിരുന്നു ചാക്കോയെ കൊലപാതകത്തിന് തിരഞ്ഞെടുക്കാന്‍ കാരണം. ഭാര്യാസഹോദരന്‍, ഡ്രൈവര്‍ എന്നിവര്‍ക്കൊപ്പമാണ് ഗള്‍ഫിലെ ഒരു എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സുകുമാരക്കുറപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു തിയേറ്ററില്‍ വെച്ച് കണ്ട ചാക്കോയൈ കാറില്‍ കയറ്റി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കിയ ശേഷം മുഖം തീയിട്ട് വികൃതമാക്കുകയും ശേഷം ദേശീയപാതയില്‍ കൊണ്ടുപോയി ഡ്രൈവര്‍ സീറ്റിലിരുത്തി കാര്‍ കത്തിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേയ്ക്ക് കടന്നതായാണ് പറയപ്പെടുന്നത്. എന്നാല്‍ കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും അന്ന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

You might also like