
ട്രാൻസിൽ പാസ്റ്ററായി -ഫഹദ് , നായിക -നസ്രിയ; സംഘട്ടനത്തിന് 10 ലക്ഷത്തിന്റെ റോബോട്ടിക് ക്യാമറ
പ്രേക്ഷകനെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൽ ഒരു പാസ്റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. താരത്തിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്മായ വേഷമാകും ഇതെന്നാണ്് വിലയിരുത്തപ്പെടുന്നത്.
ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോക്, ധർമ്മജൻ ബോൾഗാട്ടി, അമൽഡ ലിസ്, അശ്വതി മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.കൂടാതെ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് കാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോട്ടിക് കാമറാ സിസ്റ്റം ഉപയോഗിക്കുന്നത്.ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബയിൽ നിന്നാണ് കാമറ സംഘമെത്തിയത്. ഏഴുവർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്.
18 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ട്രാന്‍സ് നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റാണ്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിസന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ് വിജയന് സംഗീതം നല്കുന്നു. ഇതുവരെ നൂറ്റിപത്ത് ദിവസമാണ് ചിത്രീകരണം നടത്തിയത്.20 ദിവസത്തെ ചിത്രീകരണംകൂടി ബാക്കിയുണ്ട്. ചിത്രത്തില്‍ അതിഥി താരമായി പ്രശസ്ത തമിഴ് സംവിധായകന് ഗൗതം വാസുദേവ് മേനോന് അഭിനയിക്കുന്നുണ്ട്. ഓണം റിലീസായി ട്രാന്‍സ് തിയേറ്ററുകളിലെത്തും.