കടുത്ത പോരാട്ടത്തിനൊരുങ്ങി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ! ‘ഗട്ടാ ഗുസ്തി’ ഡിസംബർ 2 മുതൽ തിയറ്ററുകളിൽ..

630

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രമാണ് ‘ഗട്ടാ ഗുസ്തി’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. ട്രെയിലറിന് പുറമെ സ്റ്റിൽസുകളും പുറത്തുവിട്ടതോടെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ആർ ടി ടീം വർക്സ്’ൻ്റെയും ‘വി വി സ്റ്റുഡിയോസ്’ൻ്റെയും ബാനറിൽ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നപോലെ ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രമാണ് ‘ഗട്ടാ ഗുസ്തി’.

തല്ലും ​ഗുസ്തിയുമായി നടക്കുന്ന വീരയായി വിഷ്ണു വിശാൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ കീർത്തി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചിരിക്കുന്നത്. താൻ വിവാഹം ചെയ്യുന്ന കുട്ടി അടക്കവും ഒതുക്കവുമുള്ള ഒരാളായിരിക്കണം എന്നാണ് വീരയുടെ ആ​ഗ്രഹം. നാട്ടിൽ വഴക്കാളി എന്ന് മുദ്രകുത്തപ്പെട്ടതിനാൽ സ്വന്തം നാട്ടിൽ നിന്നാരും വീരക്ക് പെണ്ണിനെ നൽകുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെയാണ് കേരളത്തിൽ നിന്നും കീർത്തിയെ വീര വിവാഹം ചെയ്യുന്നത്. എന്നാൽ വീര പ്രതീക്ഷച്ച പോലെ അത്ര അടക്കമുള്ള കുട്ടി ആയിരുന്നില്ല കീർത്തി. ഒന്നു പറഞ്ഞാൽ രണ്ടാമത്തതിന് തീപ്പൊരി പാറിക്കുന്നവളാണ്. ദേഷ്യം മൂക്കിന്റെ തുമ്പത്താണെന്ന് പ്രത്യേകം പറയണ്ടല്ലോ. വിവാഹത്തിന് ശേഷം വീരയുടെയും കീർത്തിയുടെയും ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ‘ഗട്ടാ ഗുസ്തി’ പറയുന്നത്. ഹരീഷ് പേരടി, കരുണാസ്, മുനീഷ് കാന്ത്, കിംഗ്സ്ലി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും തന്റെതായ മുദ്ര പതിപ്പിച്ച് മുന്നേറുന്ന താരമാണ് ഐശ്വര്യ ലക്ഷ്‍മി. ‌മണിരത്‍നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽ‌വനിൽ ‘പൂങ്കുഴലി’ എന്ന ​ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് താരമിപ്പോൾ. ‘ഗട്ടാ ഗുസ്തി’യിൽ താരം ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തിരച്ചും വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലുമാണ് ഐശ്വര്യ എത്തുന്നത്. റിച്ചാർഡ് എം നാഥൻ ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരനാണ് സംഗീത പകർന്നിരിക്കുന്നത്. ഡിസംബർ 2 ന് ‘മാജിക് ഫ്രെയിംസ്’ ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. സി.കെ.അജയ് കുമാറാണ് പി.ആർ.ഒ .

You might also like