
ഹൃദ്യസ്പർശിയായി “ഹൃദ്യം”.
ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെസി ബിനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ഹൃദ്യം” തിയേറ്ററുകളിൽ എത്തി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. സമൂഹനന്മക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്, ദൗത്യത്തിനിടെ മാരകമായി മുറിവേറ്റ് ഒരു വിധവയുടെ പരിചരണത്തില്‍ എത്തിപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായ വിധവ ആ യുവാവിനെ പരിചരിക്കുന്നു.
പരിചരണത്തിനിടയിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റു വഴികളിലേക്ക് തിരിയുന്നു. ലോകത്തിന്റെ മുന്നില്‍ ഞെട്ടിപ്പിക്കുന്ന ഒരു സന്ദേശം ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ സ്ഥാപിച്ചുകൊണ്ട് ‘ഹൃദ്യം’ അവസാനിക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു ആഗോള സിനിമയായിരിക്കുമെന്നതാണ് സംവിധായകന്റെ ആത്മവിശ്വാസം.
തീര്‍ത്തും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രത്തിലെ മുഹൂര്ത്തങ്ങളൊരുക്കിയിരിക്കുന്നത്. ആദ്യന്തം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. തീയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഒരേസമയം ആസ്വദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് സംവിധായകന് ഏറ്റെടുത്തിരിക്കുന്നത്. പറഞ്ഞുപഴകിയ വിഷയങ്ങള്‍ പ്രമേയമാക്കിയ ക്ലിഷേ സിനിമകള്‍ ധാരാളമുണ്ട്. എന്നാല്‍ ക്ലീഷേ വിഷയങ്ങളെ വ്യത്യസ്തമായി സമീപിക്കുമ്പോള്‍, സാമൂഹിക പ്രസക്തിയുള്ള ക്ലിഷേ വിഷയങ്ങള്‍ക്ക് പ്രായോഗികവും സ്വീകാര്യവുമായ വ്യാഖ്യാനങ്ങളും പരിഹാരങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സമീപനമാണ് ഹൃദ്യത്തില്‍ പുലര്‍ത്തുന്നത്.
സാംകുമാറായി അജിത്, നായികാകഥാപാത്രമായ സോഫിയയായി നവാഗത നടിയായ ശോഭ എന്നിവര്‍ക്കു പുറമെ കൊച്ചുപ്രേമന്, കോട്ടയം നസീര്‍, പ്രൊഫ. എ. കൃഷ്ണകുമാര്‍, അജേഷ്ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്, ദിവേഷ്, വിഷ്ണു, രാജന് ജഗതി, ശ്രീകുമാര്‍, സച്ചിന്, കെ.പി. സുരേഷ്കുമാര്‍ തുടങ്ങിയവരും ഹൃദ്യത്തില്‍ കഥാപാത്രങ്ങളാകുന്നു.