മലയാളത്തിന് മറ്റൊരു റിയലിസ്റ്റിക് സിനിമ കൂടി; “ഹൃദ്യം” മേയ് 31 മുതൽ..

0

 

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെസി ബിനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ഹൃദ്യം” മേയ് 31നു പ്രദർശനത്തിനെത്തുന്നു. സമൂഹനന്മക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ദൗത്യത്തിനിടെ മാരകമായി മുറിവേറ്റ് ഒരു വിധവയുടെ പരിചരണത്തില്‍ എത്തിപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായ വിധവ ആ യുവാവിനെ പരിചരിക്കുന്നു. പരിചരണത്തിനിടയിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റു വഴികളിലേക്ക് തിരിയുന്നു. ലോകത്തിന്റെ മുന്നില്‍ ഞെട്ടിപ്പിക്കുന്ന ഒരു സന്ദേശം ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ സ്ഥാപിച്ചുകൊണ്ട് ‘ഹൃദ്യം’ അവസാനിക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു ആഗോള സിനിമയായിരിക്കുമെന്നതാണ് സംവിധായകന്റെ ആത്മവിശ്വാസം.

 

 

 

തീര്‍ത്തും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങളൊരുക്കിയിരിക്കുന്നത്. ആദ്യന്തം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. തീയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഒരേസമയം ആസ്വദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് സംവിധായകന്‍ ഏറ്റെടുത്തിരിക്കുന്നത്.

 

 

പറഞ്ഞുപഴകിയ വിഷയങ്ങള്‍ പ്രമേയമാക്കിയ ക്ലിഷേ സിനിമകള്‍ ധാരാളമുണ്ട്. എന്നാല്‍ ക്ലീഷേ വിഷയങ്ങളെ വ്യത്യസ്തമായി സമീപിക്കുമ്പോള്‍, സാമൂഹിക പ്രസക്തിയുള്ള ക്ലിഷേ വിഷയങ്ങള്‍ക്ക് പ്രായോഗികവും സ്വീകാര്യവുമായ വ്യാഖ്യാനങ്ങളും പരിഹാരങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സമീപനമാണ് ഹൃദ്യത്തില്‍ പുലര്‍ത്തുന്നത്.

 

 

ഹൃദ്യത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജിത് എന്ന നവാഗതനടന്റെ അര്‍പ്പണബോധം ചിത്രീകരണത്തിന്റെ കരുത്തായി എന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. ‘സാംകുമാര്‍’ എന്ന നായക കഥാപാത്രമായി അജിത്തിനെ മാറ്റിയെടുക്കാന്‍ ആറുമാസം വേണ്ടി വന്നു. ആ ആറുമാസക്കാലം സ്വന്തം വ്യക്തിത്വം മാറ്റിവെച്ച് കഥാപാത്രമായി അജിത് ജീവിച്ചു. അതുകൊണ്ടുതന്നെ ഹൃദ്യത്തില്‍ അജിത്തിന് അഭിനയിക്കേണ്ടി വന്നില്ല. അത് ഏതൊരു അഭിനേതാവിനും മാതൃകയാണ്. തന്മയത്ത്വമുള്ള പ്രകടനമാണ് ഹൃദ്യത്തില്‍ അജിത് കാഴ്ചവെച്ചിരിക്കുന്നത്.

 

You might also like