ഷെയ്‌ന് അമ്മയുടെ പിന്തുണ; പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഇടവേള ബാബു

0

ഷെയിന്‍ നിഗത്തിന്റെ വിലക്കില്‍ നിലപാട് വ്യക്തമാക്കി താരസംഘടനയായ അമ്മ. വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ഷെയിനിന്റെ കത്ത് ലഭിച്ചതായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഷെയ്ന്‍ നിഗത്തിന്റെ അമ്മയാണ് കത്ത് കൈമാറിയത്. പരാതി എന്നതിനപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് എട്ട് പേജിലുള്ള കത്തിലുള്ളത്. ഷെയ്ന്‍ നിഗത്തിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും താര സംഘടനയായ അമ്മ അറിയിച്ചു. താരത്തിന്റെ ചെയ്തികളെ ന്യായീകരിക്കില്ലെന്നും എന്നാല്‍ ആരെയും വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഇടവേള ബാബു പറഞ്ഞു. ഈ വിഷയത്തില്‍ അമ്മയില്‍ ഭിന്നിപ്പില്ല. ഗണേഷ് കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണ്. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

കത്ത് മറ്റ് സിനിമ സംഘടനകള്‍ക്ക് കൈമാറുമെന്നും ചര്‍ച്ചകളില്‍ മറ്റ് സിനിമ സംഘടനകളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച ഉടന്‍ ഉണ്ടാകും. പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ തന്നെയാണ് സാധ്യതയെന്നും ഇടവേള ബാബു പറഞ്ഞു. വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ നടപടി താരത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന സ്ഥിതി വന്നതോടെയാണ് അനുനയ നീക്കവുമായി കുടുംബം അമ്മ ഭാരവാഹികളെ സമീപിച്ചത്. മകന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മ്മാതാക്കള്‍ തീരുമാനം എടുത്തതെന്നും അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടണം എന്നുമാണ് ആവശ്യം. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ ഉപേക്ഷിക്കുമെന്നും ഏഴ് കോടി രൂപ നഷ്ടപരിഹാരം ഷെയ്ന്‍ നല്‍കണമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

സംഭവം വിവാദമായതോടെ ഷെയ്ന്‍ നിഗം ആവശ്യപ്പെട്ടാല്‍ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചിരുന്നു. ഷെയ്നിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കുന്നു. പുതിയ നടനെ സംബന്ധിച്ച് ഏഴ് കോടി രൂപ മടക്കി നല്‍കുക ബുദ്ധിമുട്ടാണെന്നുമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം കത്ത് നല്‍കിയത്. അതേസമയം ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്നിവാസമാണന്നും അമ്മ പിന്തുണക്കില്ലെന്നും വ്യക്തമാക്കി അമ്മയുടെ മറ്റൊരു ഭാരവാഹിയായ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണയ്ക്കാനാവില്ല. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണന്നും പൊലീസും എക്‌സൈസും ഷാഡോ പൊലീസിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.