“കൂമൻ” വരുന്നു. പോലീസ് വേഷത്തിൽ ആസിഫ് അലി.

2,936

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “കൂമൻ” എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമിച്ചിരിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയനായ നടൻ ആസിഫ് അലിയാണ് നായകൻ.

വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ജിത്തുവിൻ്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകൻ മോഹൻലാൽ ആയിരുന്നു. ദൃശ്യം 2, ട്വൽത്ത്മാൻ, എന്നിവയും കോവിഡ് പ്രതിസന്ധി മൂലം ഇടക്കു നിർത്തി വക്കേണ്ടി വന്ന റാം എന്ന ചിത്രത്തിലും മോഹൻലാലാണ് നായകൻ.

കൂമൻ എന്ന ടൈറ്റിൽ പോലും ചില ദുരൂഹതകൾ ഒളിപ്പിച്ചതാണ്. പൂർണ്ണമായും ഫാമിലി ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആ ടൈറ്റിലോടെ വരുന്ന ഈ ചിത്രത്തിൽ ധാരാളം സസ്പെൻസും നാടകീയ മുഹൂർത്തങ്ങളുമെല്ലാം ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം. കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഇവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇവിടേക്ക് സ്ഥലം മാറി എത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പലരുടേയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതായി ഇദ്ദേഹത്തിന്റെ വരവ്. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു.

പോലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ഇവിടെ ആസിഫ് അലി അവതരിപ്പിക്കുന്നത്. ആസിഫ് അലിയെ കൂടാതെ രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമകല എന്നിവരും അഭിനയിക്കുന്നു.

സഹനിർമാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്: വി.എസ്. വിനായക്. പ്രൊഡക്‌ഷൻ കൺട്രോളർ: പ്രവീൺ മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. കോ-ഡയറക്ടർ: അർഫാസ് അയൂബ്. ചീഫ് അസോഷ്യേറ്റ് ഡയക്ടർ: സോണി ജി. സോളമൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം: രതീഷ് വിജയൻ. പിആർഒ: വൈശാഖ് സി. വടക്കേവീട്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫ്എക്സ്: ടോണി മാഗ് മിത്ത്. സ്റ്റീൽസ് – ബന്നറ്റ്എം വർഗീസ്. പരസ്യകല: തോട്ട് സ്റ്റേഷൻ. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരണം നടന്ന കൂമൻ മാജിക് ഫ്രെയിം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

You might also like