
“കുഞ്ഞിരാമന്റെ കുപ്പായം” റിലീസ് വീണ്ടും മാറ്റി !!
മതം മാറ്റം മുഖ്യ പ്രമേയമായി അവതരിപ്പിച്ച് സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന “കുഞ്ഞിരാമന്റെ കുപ്പായം” റിലീസ് വീണ്ടും മാറ്റി. ജൂൺ 21 നാണ് നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് മാറ്റിയെന്നും പുതിയ റിലീസ് തിയ്യതി അറിയിക്കാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യൻ സിനിമ ഇന്നേവരെ പറയാത്ത കഥയാണ് സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ പ്രേക്ഷകരോട് ചിത്രത്തിലൂടെ പറയുന്നത്. മത പരിവർത്തനം എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇത് ഒരു ഒരു മതത്തേയും ഇകഴ്ത്താനോ പുകഴ്ത്താനോ സിനിമ ഉദ്ദേശിച്ചിട്ടിലെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
മെയ് 3 ന് ആയിരുന്നു നേരത്തെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ലോകസഭാ തിരഞ്ഞടുപ്പ് ഫലം വരുന്നതിന് മുമ്പ് ചിത്രം റിലീസ് ചെയ്യരുതെന്ന ചില സംഘടനകളുടെ നിർദ്ദേശപ്രകാരം റിലീസ് മാറ്റി വെക്കുകയായിരുന്നു.
എന്തുകൊണ്ടാണ് റിലീസ് മാറ്റിയതെന്ന് കൃത്യമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന് മറ്റു വിലക്കുകൾ ഒന്നുമില്ലെന്നും ഉടൻ റിലീസ് ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.
തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കല്‍, സ്വാതി, ദർശിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരാം എന്റര്‍ടൈയ്മെന്റ്, സെഞ്ച്വറി വിഷ്വല്‍ മീഡിയ എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാജു നിര്‍വ്വഹിക്കുന്നു. സിദീഖ് ചേന്ദമംഗല്ലൂര്‍, ഹരിപ്രസാദ് കോളേരി എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ എഡിറ്റർ സഫ്തർ മർവയാണ്. പി.കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം പകരുന്നു. മഖ്ബൂല്‍ മണ്‍സൂര്‍, സിതാര ബാലകൃഷ്ണന് എന്നിവരാണ് ഗായകര്‍.