
മുൻപ് സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റ്, ഇപ്പോൾ അതേ നടിയുടെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് !!!
കൊച്ചിയിൽ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പ് കേസിൽ പാർലര്‍ ഉടമയും നടിയുമായ ലീന മരിയ പോൾ ഇന്ന് മൊഴി നൽകാനെത്തും. പാർലർ ഉടമയായ ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരിൽ 25 കോടി വരെ ആവശ്യപ്പെട്ട് നടിയ്ക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ നെറ്റ് കോളുകളുടെ ഉറവിടം ആണ് പൊലീസ് പരിശോധിക്കുന്നത്. രവി പൂജാരിയുടെ പേരിൽ പണം തട്ടിയെടുക്കാൻ മറ്റാരെങ്കിലും ശ്രമിക്കുന്നതാണോ എന്നാണ് സംശയം.
പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. അധോലോക നായകന് രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ കോള്‍ വന്നത്. പണം നല്‍കാതെ ഇരുന്ന ലീന ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് സൂചന. ബൈക്കില്‍ വന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
മുൻപ് സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ നടിയാണ് ലീന മരിയ പോള്‍. ചങ്ങനാശ്ശേരി സ്വദേശിയാണ്, കുടുംബത്തോടൊപ്പം ദുബായിൽ സ്ഥിരതാമസമാണ്. ബിഡിഎസ് പഠിക്കാനാണ് ഇന്ത്യയില്‍ എത്തിയത്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ദുബായില്‍ തന്നെ. മോഡലിങ്ങിലൂടെ സിനിമയിലെത്തി. ‘ഹസ്ബൻഡ്സ് ഇൻ ഗോവ’, ‘റെഡി ചില്ലീസ്’, ‘കോബ്ര’ എന്നീ മലയാള ചിത്രങ്ങളിലും ‘ബിരിയാണി’ എന്നീ തമിഴ് ചിത്രത്തിലും ‘മദ്രാസ് കഫേ’ എന്ന ബോളിവുഡ് ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടി കൂടിയാണ് ലീന. കൂടാതെ ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി നല്കാന് നേരിട്ട് ഹാജരാകാന്‍ ലീനയോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന അവര്‍ ഇന്ന് ഹാജരാകാമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന് മുഖേന അറിയിച്ചിരുന്നു. മുബൈ അധോലോക നായകന് രവി പൂജാരിയുടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ട് തനിക്ക് നാലുതവണ ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായി ഇന്നലെ നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഭീഷണിയെകുറിച്ച് പൊലീസിനെ അറിയിച്ചിരുന്നതായും പരാതി നല്‍കിയിരുന്നില്ലെന്നും നടി പറഞ്ഞു. ഇന്ന് എ.സി.പിക്കു മുന്നില്‍ ഹാജരാകുമ്പോള്‍ ഭീഷണി സംബന്ധിച്ച് പരാതി നല്‍കുമെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നടി വ്യക്തമാക്കി. ആയുധ നിയമ പ്രകാരം കേസെടുത്ത സംഭവത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുംബൈ പൊലീസുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നടിയുടെ ഇന്റര്‍നെറ്റ് കോളുകളും സാമ്പത്തിക സ്ത്രോതസുകളെകുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.