ചാവേർ ആയി മമ്മൂട്ടി; “മാമാങ്കം” ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

0

സിനിമ പ്രേമികൾ ആവേശത്തോടെ ഉറ്റനോക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്റർ ഇറങ്ങി നിമിഷങ്ങൾക്കകം മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ‘മാമാങ്കം’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇന്നത്തെ ഫസ്റ്റ് ലുക്ക്‌ റിലീസുമായി ബന്ധപ്പെട്ടു മമ്മൂട്ടി ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച ചിത്രത്തിന്റെ ശകലം തന്നെ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.

 

Mamangam First look

Posted by Mammootty on Friday, June 7, 2019

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

 

നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.

You might also like