
മേജര്‍ രവി ചിത്രത്തില്‍ പട്ടാളക്കാരനാവാന്‍ ദിലീപ്; ചിത്രീകരണം കശ്മീരില്‍..
ദിലീപിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പട്ടാള ചിത്രം കശ്മീരില്‍ ചിത്രീകരിക്കും. കശ്മീരിന് മാത്രമായി അനുവദിച്ചിട്ടുണ്ടായിരുന്ന ആര്‍ട്ടിക്കിള്‍ 370,35എ എന്നിവ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഇവിടെ സിനിമ ചിത്രീകരണം നടത്താനുള്ള അനുവാദം കൂടിയാണ് ലഭിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ കശ്മീരില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്നതില്‍ തനിക്ക് സന്തോഷവും, അഭിമാനവുമുണ്ടെന്ന് മേജര്‍ രവി പ്രതികരിച്ചു.
ഒരു കോമഡി ലൗസ്റ്റോറി ആയിരിക്കും ചിത്രം. സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്റെ കഥാപാത്രം. കശ്മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത്. അവിടെ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും പോയി ചിത്രീകരിക്കാമെന്നും വിചാരിച്ചിരുന്നു. പക്ഷേ ഇനിയും അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല. മലയാളസിനിമയെ സംബന്ധിച്ച് ഒരു പുതിയ ലൊക്കേഷന്‍ എന്നതാണ് ആലോചിക്കുന്നത്. ഒന്നുകില്‍ കശ്മീരിലോ അല്ലാത്തപക്ഷം ഉത്തരാഖണ്ഡിലോ സിനിമ ഷൂട്ട് ചെയ്യും”, മേജര്‍ രവി പറഞ്ഞു.
അനുജന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപ് പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്റെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുകയെന്നും മേജര്‍ രവി അറിയിച്ചു. അതേസമയം ടൊവീനോയെ നായകനാക്കി മറ്റൊരു സിനിമയും അദ്ദേഹം ആലോചിക്കുന്നുണ്ട്. ചര്‍ച്ചാഘട്ടത്തിലാണ് ഈ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്സ് (2017) ആണ് മേജര്‍ രവി സംവിധാനം ചെയ്ത അവസാന ചിത്രം.