
കോട്ടയം കുഞ്ഞച്ചൻ വരും വന്നിരിക്കും !!! ഉറപ്പ് പറഞ്ഞ് സംവിധായകൻ.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. കറുത്ത കണ്ണടയും സില്‍ക്ക് ജുബ്ബയും ധരിച്ച് ജോഷി ചതിച്ചാശാനേ എന്നു പറഞ്ഞ കുഞ്ഞച്ചനെ മറക്കാനാവില്ല മലയാള സിനിമയ്ക്ക്. ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷം കുഞ്ഞച്ചന് വീണ്ടും വരികയാണ്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്. സുരേഷ് ബാബു ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് ആട് ഭീകരജീവിയാണ്, ആന്‍ മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മിഥുന് മാനുവല്‍ തോമസാണ്. വിജയ് ബാബുവാണ് നിര്‍മാണം. മമ്മൂട്ടി തന്നെയാണ് കുഞ്ഞച്ചനാവുന്നത്.
ആടിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചതിനൊപ്പം മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു മിഥുന് മാനുവല്‍ ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയെക്കുറിച്ചുളള വിവരങ്ങളൊന്നും അധികമായി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് സംവിധായകന് സംസാരിച്ചിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്. 1990കളില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു, കോട്ടയം കുഞ്ഞച്ചനായുളള മമ്മൂക്കയുടെ പ്രകടനം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെനീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത്.
സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്നും തിരക്കഥാ രചന പൂര്‍ത്തിയായി വരുന്നതേയുളളുവെന്നുമാണ് മിഥുന് മാനുവല്‍ തോമസ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടാം ഭാഗം ഒരുക്കുന്നത് വലിയൊരു വെല്ലുവിളിയായിരിക്കും സംവിധായകന്. അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ് റിലീസ് ചെയ്ത ശേഷമായിരിക്കും സംവിധായകന് കോട്ടയം കുഞ്ഞച്ചന് 2വിലേക്ക് കടക്കുക,.