നിഗൂഢതകളുമായി ളോഹ അണിഞ്ഞ് മമ്മൂട്ടി; നായികയായി മഞ്ജുവും; അമ്പരപ്പിക്കുന്ന ഫസ്റ്റ് ലുക്ക്

0

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അടിമുടി ദുരൂഹത തോന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയ ഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ കപ്പൂച്ചിന്‍ വൈദീകരുടേതിനോട് സാമ്യമുള്ള ളോഹ അണിഞ്ഞാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ സ്വപ്‌നവും ഈ ചിത്രത്തിലൂടെ പൂവണിഞ്ഞിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള മഞ്ജു വാര്യര്‍, മമ്മൂട്ടിയ്്‌ക്കൊപ്പം ഒരു ചിത്രവും നാളിതുവരെയും ചെയ്തിരുന്നില്ല. എന്നാല്‍ ദ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ മഞ്ജു മമ്മൂട്ടിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്.

വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, കോക്ക്‌ടെയില്‍ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോന്‍ എന്നിവരാണ് തിരക്കഥ. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ആളാണ് ചിത്രത്തിലെ സംവിധായകന്‍ ജോഫിന്‍.

You might also like