‘ഈ സിനിമയിൽ രാജ്കിരൺ സാറാണ് നായകൻ, ഞാൻ വില്ലൻ’; ഷൈലോക്കി’നെപ്പറ്റി മമ്മൂട്ടി.

0

 

 

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അജയ് വാസുദേവിനു തന്റെ മൂന്നാമത്തെ ചിത്രത്തിലും മമ്മൂട്ടിയെ തന്നെ നായകനായി ലഭിച്ചിരിക്കുകയാണ്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരനും വളരെ പ്രധാനപ്പെട്ട ഒരു വേഷം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.ഈ ചിത്രത്തിൽ രാജ് കിരൺ സർ ആണ് നായകൻ എന്നും താനിതിൽ വില്ലൻ ആണെന്നും മമ്മൂട്ടി പറയുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചടങ്ങിലാണ് നടൻ തുറന്നു പറഞ്ഞത്.

 

 

ചിത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ:

‘ഷൈലോക്ക് എന്നല്ല ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. കഴുത്തറപ്പൻ, അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്തവൻ അങ്ങനെയൊക്കെയാണ് ഷൈലോക്ക് എന്നതിന്റെ അർഥം. ആ വാക്കുകൾ സിനിമയ്ക്ക് ഉപയോഗിച്ചാൽ ഭംഗിയാകാത്തതുകൊണ്ടാണ് ഷൈലോക്ക് എന്ന പേര് ഉപയോഗിച്ചത്. ‘ഷൈലോക്ക്’ എന്ന പേരിൽ പ്രശസ്തമായ കഥാപാത്രമുണ്ട്. അയാളൊരു കൊള്ളപ്പലിശക്കാരനാണ്. കൊടുത്ത പൈസ തിരികെ തന്നില്ലെങ്കിൽ തുടയിലെ റാത്തൽ ഇറച്ചി പിടിച്ചുമേടിക്കുകയാണ് രീതി. അതുമായി ഈ സിനിമയ്ക്ക് ബന്ധമില്ല. വളരെ പിശുക്കുള്ള പലിശക്കാരന്റെ കഥയാണ് ഈ സിനിമ. വളരെ പാവപ്പെട്ടവൻ. രാജ് കിരൺ സർ ആണ് യഥാർഥത്തില്‍ നായകൻ. അദ്ദേഹം മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. ഈ കഥ അദ്ദേഹത്തെ നേരിട്ടു പറഞ്ഞു മനസ്സിലാക്കി. 35 വർഷമായി സിനിമയിൽ വന്നിട്ടെങ്കിലും 22 സിനിമകളിലെ അദ്ദേഹം അഭിനയിച്ചിട്ടൊള്ളൂ. ഞങ്ങളെപ്പോലെ നാനൂറൊന്നും തികയ്ക്കാൻ നോക്കിയിട്ടില്ല.

 

 

സാധാരണ അന്യഭാഷയിൽ നിന്നും ആളെ കൊണ്ടുവരുന്നത് ഇടികൂടുന്നതിനും മറ്റുമാണ്. ഈ സിനിമയിൽ വലിയൊരു കഥാപാത്രമാണ് അദ്ദേഹത്തിന്. പ്രധാനകഥാപാത്രമെന്നു വേണമെങ്കിൽ പറയാം. തമിഴനായി തന്നെയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും മലയാളത്തിലും കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ് ടൈറ്റിലിലാകും ചിത്രം അവിടെ എത്തുക. അത്യാവശ്യം നല്ല ബഡ്ജറ്റ് വരുന്ന സിനിമയാണിത്. അതുകൊണ്ട് കാശൊക്കെ കുറച്ചേ മേടിക്കുന്നുള്ളൂ. ചിത്രം ഡിസംബറിൽ തിയറ്ററിലെത്തും’.

 

You might also like