“നിങ്ങള്‍ പറയൂ… ഞങ്ങള്‍ എന്താവും സംസാരിച്ചിട്ടുണ്ടാവുക…?” ചോദ്യവുമായി മഞ്ജു; ചേട്ടനോടൊപ്പമുള്ള ചിത്രം വൈറല്‍

0

നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മധു വാര്യര്‍ക്കൊപ്പം മഞ്ജു നില്‍ക്കൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മഞ്ജു തന്നെയാണ് ചിത്രം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ഒരു ചോദ്യവും മഞ്ജു ആരാധകരോട് ചോദിക്കുന്നുണ്ട്. സംവിധായകനും അഭിനേതാവും തമ്മിലുള്ള സംഭാഷണമാണോ അതോ സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള ചര്‍ച്ചയാണോ അതോ ചേട്ടനും അനിയത്തിയും തമ്മിലുള്ള സംസാരമാണോ എന്നാണ് മഞ്ജു ചോദിക്കുന്നത്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ഒന്നിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബിജു മേനോനും, മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇന്നലകളില്ലാതെ, കണ്ണെഴുതി പൊട്ടുംതൊട്ട്, പ്രണയവര്‍ണ്ണങ്ങള്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സൈജു കുറുപ്പ്, ദീപ്തി സതി, സറീന വഹാബ്, അനു മോഹന്‍, രഘുനാഥ് പലേരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രമോദ് മോഹന്റേതാണ് തിരക്കഥ. പി.സുകുമാറാണ് ഛായാഗ്രാഹണം. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ ആണ് സംഗീതം. എഡിറ്റര്‍-ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ എ ഡി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍, കല- എം ബാവ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, പരസ്യക്കല-ഓള്‍ഡ്മങ്കസ്, വാര്‍ത്ത ച്രചരണം-എ.എസ് ദിനേശ്, സ്റ്റില്‍സ്-രാഹുല്‍.

You might also like