
വീട് നിര്‍മിച്ചു നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണം; മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത്…..
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യര്‍. യുവനടിമാരുടെ ആരാധകരേക്കാൾ കൂടുതൽപേർ മഞജുവിനെ ഇപ്പോഴും ആരാധിക്കുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന നടിക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. നിരവധി സ്ത്രീപ്രാധാന്യമുള്ള കഥാപത്രങ്ങളാണ് നടിയെ തേടി എത്തുന്നത്. എന്നാൽ നടിയെ വിമർശിച്ചുകൊണ്ടുള്ള വാർത്തകളും നടിയെ പിന്തുടരുന്നു.ഇപ്പോൾ ഇതാ നടി ആദിവാസികൾക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്നാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ നടി ഇതിനെതിരെ പ്രതികരണവുമായി നടി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.
ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യർ വിശദമാക്കി. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. പക്ഷെ തനിക്ക് മാത്രം ചെയ്യാൻ കഴിയാത്തതിനാൽ സർക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു. ആദിവാസികളുടെ പ്രശ്നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനുമായി ചര്‍ച്ചചെയ്തതായും മഞ്ജു വാര്യര്‍ അറിയിച്ചു.
ഇത്തരമൊരു ആരോപണം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിന്റെ സത്യാവസ്ഥ മന്ത്രി എ കെ ബാലനോട് വിശദീകരിച്ചിരുന്നു. മഞ്ജു വാര്യർ ഫൗണ്ടേഷന് പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്ളതിനാല്‍ മറ്റ് സഹായങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും മഞ്ജു വിശദമാക്കി. വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യർ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചുനല്‍കുമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷന് വാഗ്ദാനം ചെയ്തുവെന്നാണ് ആദിവാസികള്‍ പറയുന്നത്. ഒന്നര വര്‍ഷമായിട്ടും വാക്കുപാലിക്കുന്നില്ലെന്നാണ് പരാതി. മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാല്‍ ഭവനനിര്‍മ്മാണത്തിനുള്ള സര്‍ക്കാരിന്റെ വിവിധ സഹായങ്ങള്‍ ലഭിക്കാതായെന്നും ഇവർ ആരോപിച്ചിരുന്നു. മഞ്ജുവാര്യരുടെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യുമെന്ന് ആദിവാസികൾ പറഞ്ഞിരുന്നു.