ഞാനും അങ്ങനെ പ്രതികരിക്കും : ഇഷ്‌കിലെ ക്ലൈമാക്സിനെക്കുറിച്ച് നായിക !!!

0

 

 

തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് നവാഗതനായ അനുരാജ് മനോഹറിന്റെ ഇഷ്‌ക് .ഇഷ്ക് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ പ്രണയം മാത്രമുള്ള സിനിമയല്ല ഇത്. ഇതിൽ പ്രണയമുണ്ട്, പ്രതിഷേധമുണ്ട്, പ്രതികാരമുണ്ട് ചില പ്രതിധ്വനികളുമുണ്ട്. തീയറ്ററിൽ പോയി വെറുതെ കണ്ട് ഇറങ്ങി പോരുന്നതിനു പകരം സ്വന്തം സീറ്റിൽ നിന്ന് സിനിമയ്ക്കുള്ളിലേക്ക് കയറി കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഒടുക്കം അവരെ അവരുടെ വഴിക്ക് വിട്ട് തിരിച്ചിറങ്ങി പോരുന്ന തരത്തിൽ ഒരു അനുഭവം സമ്മാനിക്കുന്നതാണ് ഇൗ ചിത്രം.

 

 

 

 

ഷൈൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം രചിച്ചത് രതീഷ് രവി ആണ്. ഇസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഈ ചിത്രത്തിലെ നായികാ വേഷത്തിൽ കയ്യടി നേടുകയാണ് ഇപ്പോൾ. വസുധ എന്ന കഥാപാത്രം ആണ് ആൻ ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ വസുധ ചെയ്യുന്നത് പോലെയെ അങ്ങനെ ഒരു സാഹചര്യം യഥാർത്ഥ ജീവിതത്തിൽ വന്നാൽ താനും ചെയ്യുകയുള്ളൂ എന്നു ആൻ പറയുന്നു.

 

 

 

 

എല്ലാ പെൺകുട്ടികൾക്കും വസുധയുമായി റിലേറ്റ് ചെയ്യാൻ സാധിക്കും എന്നും താനുൾപ്പെടെ ഏതു പെണ്ണും ആ സാഹചര്യത്തിൽ വസുധ ചെയ്യുന്നതു പോലെ തന്നെ പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ആൻ പറയുന്നു. അത് അവളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം ആണെന്നും ആൻ ചൂണ്ടി കാണിക്കുന്നു. അഭിനയത്തോടൊപ്പം തന്നെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനും ആഗ്രഹമുണ്ട് എന്നും ഫൊട്ടോഗ്രഫിയെപ്പറ്റി കൂടുതൽ പഠിക്കാനും ഛായാഗ്രഹണ സഹായി ആയി ജോലി ചെയ്യാനും താൽപ്പര്യം ഉണ്ടെന്നും ആൻ വെളിപ്പെടുത്തുന്നു.

 

 

 

ഇ ഫോർ എന്റർടൈന്മെന്റ്‌സ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേഹത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

You might also like