ബിഗ് ബ്രദര്‍ ഫാന്‍സ് ഷോ 7.30 മുതല്‍; മള്‍ട്ടിപ്ലക്‌സില്‍ 8 ഷോയ്ക്ക് ഫാസ്റ്റ് ഫില്ലിംഗ്

0

ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ജനുവരി 16ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോ നാളെ രാവിലെ 7.30 മുതല്‍ ആരംഭിക്കും. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഇതുവരെ പതിമൂന്നില്‍ എട്ട് ഷോ അതിവേഗം തന്നെ ഫില്ലായിക്കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് മുതല്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വമ്പന്‍ ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ഫാന്‍ മെയ്ഡ് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഫാന്‍ മെയ്ഡ് പോസ്റ്ററിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കലിപ്പ് ലുക്കിലുള്ള മോഹന്‍ലാലിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.

റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും ട്രെയ്ലറുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിലെ രണ്ടാമത്തെ ട്രെയ്ലറും ചുണ്ടില്‍ തത്തും കവിതേ എന്ന് തുടങ്ങുന്ന ഗാനവുമൊക്കെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. പതിവ് സിദ്ദിഖ് ചിത്രങ്ങളെ പോലെ ഒരു കോമഡി എന്റര്‍ടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം. പകരം ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആക്ഷനും ത്രില്ലറും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ചിത്രം തിയേറ്ററുകളിലെത്തുക. 32 കോടി മുതല്‍ മുടക്കിലുള്ള ചിത്രമെന്നാണ് സംവിധായകന്‍ സിദ്ദിഖ് വ്യക്തമാക്കിയത്.

സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടുണ്ടെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പുതുമുഖമായ മിര്‍ണ മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ടിനി ടോം, അനൂപ് മേനോന്‍, ദേവന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അബ്ബാസ് ഖാന്‍, സിദ്ധിഖ്, ചെമ്പന്‍ വിനോദ്, ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മോഹന്‍ലാലിന്റെ സഹോദരനായാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്.

ഫിലിപ്പോസ് കെ.ജോസഫ്, മനു മാളിയേക്കല്‍, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവര്‍ക്കൊപ്പം സിദ്ധിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം ഏറെ സമയമെടുത്ത് വലിയ ചെലവിലാണ് ഒരുക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ണിവല്‍ സിനിമാസും അവസാന ഘട്ടത്തില്‍ നിര്‍മ്മാണത്തെ പിന്തുണച്ചുവെന്നും ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയെന്നും സൂചനയുണ്ട്. ജിത്തു ദാമോധറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്. 2018 ലാണ് സിദ്ദിഖ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തെ കുറിച്ച് സൂചന നല്‍കിയത്. രണ്ട് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി 2020 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

You might also like