
‘എന്നിലെ വില്ലനു’മായി ഈ ബ്രോദേഴ്സ്
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവ നടനാണ് നീരജ് മാധവ്. നീരജ് മാധവിന്റെ സഹോദരന് നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘എന്നിലെ വില്ലന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നീരജ് തന്നെയാണ് താൻ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുന്നു 'എന്നിലെ വില്ലൻ' first look poster. അനിയൻ നവനീത് മാധവ് സംവിധായകനാകുന്ന ആദ്യത്തെ…
Posted by Neeraj Madhav on Tuesday, March 26, 2019
ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുന്നു; എന്നിലെ വില്ലന്‍ എന്ന ക്യാപ്ഷനോടുകൂടിയാണ് നീരജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. നവനീത് മാധവിന്റെ ആദ്യ സംവിധാന സംരംഭമാണ് എന്നിലെ വില്ലന്‍. സ്വാധിക് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തനിക്കും അനിയനും എന്നും ഒരേ ഇഷ്ടങ്ങളായിരുന്നുവെന്നും ഈ തിരിച്ചറിവില്‍ നിന്നാണ് ഒന്നിച്ചുള്ള സിനിമ എന്ന ആശയം മുന്നോട്ടുവന്നതെന്നും നീരജ് മാധവ് കുറിച്ചു. ഈ ചിത്രം തനിക്ക് വളരെയേറെ സ്പെഷ്യല്‍ ആണെന്നും ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ, എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം മാസങ്ങള്‍ക്കു മുമ്പ് കേരളത്തെ ഒന്നാകെ ഉലച്ച പ്രളയവും അതിജീവനവും പ്രമേയമാക്കി നീരജ് മാധവ് ഒരു മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തിരുന്നു. ‘ഞാന്‍ മലയാളി’ എന്ന ആല്‍ബത്തിനും മികച്ച സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. കൈ-മെയ്യ് മറന്ന് അതിജീവനത്തിനായി ഒന്നിച്ചുനിന്ന മലയാളികള്‍ക്കുള്ള ഒരു ബിഗ് സല്യൂട്ടായിരുന്നു ഈ ആല്‍ബം. നീരജ് മാധവ് തന്നെയായിരുന്നു ഞാന്‍ മലയാളി എന്ന നവനീത് മാധവിന്റെ ആല്‍ബത്തിലും അഭിനയിച്ചിരുന്നത്.
മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് നവനീത് മാധവ്. ശിക്കാര്‍, മാണിക്യക്കല്ല് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്തായാലും ചേട്ടനും അനിയനും നടനും സംവിധായകനുമായെത്തുന്ന ചിത്രം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.