നിവിന്റെ പടവെട്ടിന് തുടക്കം ആയി

0

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടനാണ് നിവിന്‍ പോളി. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ നിവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ പിറന്ന മൂത്തോന്‍. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മുംബൈ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങീ ഫിലിം ഫെസ്റ്റിവലുകളിലടക്കം പ്രദര്‍ശിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കേരളത്തിലും വന്‍ വിജയമായിരുന്നു.

മൂത്തോനിലൂടെ പ്രേക്ഷകര്‍ക്ക് ഇതുവരെ പരിചയമില്ലാത്ത ഒരു പ്രകടനം കാഴ്ച്ചവെച്ച നിവിന്റെ കെരിയര്‍ ബെസ്റ്റ് ചിത്രം കൂടിയായിരുന്നു മൂത്തോന്‍. മൂത്തോന് ശേഷമുള്ള നിവിന്റെ പുതുചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ സാഹചര്യത്തിലാണ് ആരാധര്‍ക്ക് ആവേശമായി നിവിന്‍ പോളി-സണ്ണി വെയ്ന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുക. ‘പടവെട്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു കഴിഞ്ഞു. കണ്ണൂര്‍ കാഞ്ഞിലേരി ഗവണ്മെന്റ് എല്‍ പി സ്‌കൂളിലായിരുന്നു പൂജ.

കണ്ണൂര്‍ ജില്ല കളക്ടര്‍ ടി.വി. സുഭാഷ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, ലിജു കൃഷ്ണ, അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍ എന്നിവരും മറ്റു അണിയറ പ്രവര്‍ത്തകരും പൂജയില്‍ പങ്കെടുത്തു. ‘അരുവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അദിതി ബാലനാണ് നായിക. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ലിജു കൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വസന്ത, ദീപക് ഡി.മേനോന്‍, ഷെരീഫ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുണ്‍, റോണക്‌സ് സേവിയര്‍, മഷര്‍ ഹംസ തുടങ്ങീ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്.

You might also like