“എനിക്ക് മമ്മൂക്ക ആകണം”; നിറകണ്ണുളോടെയുള്ള പ്രാചിയുടെ വികാര നിര്‍ഭരമായ പ്രസംഗം

0

നാളേറെയായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. നാല് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോളിവുഡ് നടി പ്രാചി തെഹ്ലാനാണ് ചിത്രത്തിലെ നായിക. രണ്ട് ദിവസം മുമ്പ് മാമാങ്കത്തിന്റെ ഗള്‍ഫ് ലോഞ്ച് പരിപാടിയില്‍ വെച്ച് പ്രാചി തെഹ്ലാന്‍ ഷാര്‍ജയില്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. നിറകണ്ണുകളോടായിരുന്നു പ്രാചിയുടെ പ്രസംഗം. നടന്‍ എന്നതിലുപരി മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്നാണ് പ്രാചി പറയുന്നത്. താന്‍ ഇതുവരെയും ആരുടേയും കടുത്ത ആരാധിക ആയിട്ടില്ലെങ്കിലും അഭിനയത്തില്‍ ആരാവണമെന്ന് ചോദിച്ചാല്‍ ഇതുവരെ കൃത്യമായൊരു ഉത്തരം ഇല്ലാതിരുന്ന തനിക്ക് ഇനി മുതല്‍ മമ്മൂട്ടിയാവണം എന്ന ഉത്തരമാണുള്ളതെന്നും പ്രാചി പറയുന്നു.

‘ആരാകണമെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു; എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം. നന്ദി മമ്മൂക്കാ…’ കരയുന്നതിന് പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു പ്രാച്ചി. ആരാധകരുടെ സ്നേഹവും സ്വീകരണവും കണ്ടു കണ്ണുകള്‍ നിറഞ്ഞൊഴുകിയ പ്രാചി പറയുന്നത് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കിട്ടുന്നത് പോലെ മറ്റൊരു സിനിമാ ഇന്ഡസ്ട്രിയിലും ഇത്രയും സ്നേഹം കലാകാരന്മാര്‍ക്ക് കിട്ടില്ലെന്നാണ്. മാമാങ്കം ടീം തനിക്കൊരു കുടുംബം പോലെയാണെന്നും ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വളരെ സന്തോഷം ഉണ്ടെന്നും നിറകണ്ണുകളോടെ പ്രാചി പറഞ്ഞു. നിറഞ്ഞ ആരവങ്ങളോടെയാണ് സദസ്സ് പ്രാചിയെ വരവേറ്റത്.

മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രാചി ഒരു കുറിപ്പും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി മാമാങ്കത്തിനൊപ്പം തന്നെയാണെന്നും പത്ത് വര്‍ഷമായി സ്പോര്‍ട്സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്കം യാത്ര തന്നെ പഠിപ്പിച്ചെന്നും കുറിപ്പില്‍ പ്രാചി പറയുന്നു. ‘പ്രിയപ്പെട്ട മമ്മൂക്ക, മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും അരങ്ങേറ്റം നിങ്ങള്‍ക്കൊപ്പമായതിലുമുള്ള സന്തോഷം പങ്കുവെക്കാനാണ് റിലീസ് അടുക്കുമ്പോള്‍ ഞാനീ കുറിപ്പ് പങ്കുവെക്കുന്നത്. മാമാങ്കത്തിന്റെ ഭാഗമാകുമ്പോള്‍ ദക്ഷിണേന്ത്യയില്‍ എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. രണ്ട് വര്‍ഷമായി മാമാങ്കത്തിനൊപ്പം തന്നെയാണ്. പത്ത് വര്‍ഷമായി സ്‌പോര്‍ട്‌സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്കം യാത്ര എന്നെ പഠിപ്പിച്ചു. ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ എന്നെ സഹായിച്ചത് സ്‌പോര്‍ട്‌സ് ആണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിച്ച എല്ലാ സുഖദുഖസമ്മിശ്ര അനുഭവങ്ങളെയും നേരിടാന്‍ ഞാന്‍ മാനസികമായി കരുത്തയായിരുന്നു. ചില സമയങ്ങള്‍ കഠിനമേറിയതായിരുന്നു. മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരികയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക് ബസ്റ്റര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലാണ് നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം. പലപ്പോഴും നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. വേദിയില്‍ എത്രമാത്രം പറയാന്‍ കഴിയുമെന്നോ എല്ലാം എങ്ങനെ നിങ്ങളെ അറിയിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന് നന്ദി’ – ഇപ്രകാരമായിരുന്നു പ്രാചിയുടെ കുറിപ്പ്.

You might also like