മണ്ണും മതവും കുഞ്ഞിരാമനും .. “കുഞ്ഞിരാമന്റെ കുപ്പായം” ജൂൺ 21ന്..

0

മണ്ണിനേയും കൃഷിയേയും അഗാധമായി സ്നേഹിക്കുന്ന കുഞ്ഞിരാമൻ എന്ന കർഷകന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷങ്ങളുടെ ആവിഷ്കാരമാണ് സിദ്ധിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന ‘കുഞ്ഞിരാമന്റെ കുപ്പായം’ എന്ന ചിത്രം. ചിത്രം ജൂൺ 21നു പ്രദർശനത്തിന് ഒരുങ്ങുകയാണ്.

 

 

സാമ്പത്തിക ബാധ്യതകൾ ഉണ്ടെങ്കിലും ഭാര്യ സുധയോടും മൂന്നു പെൺമക്കളോടും – അമ്മു, ചിന്നു, പൊന്നു, കൂടി നയിക്കുന്ന സന്തുഷ്ട കുടുംബമാണ് അദ്ദേഹത്തിന്റേത്. കാൻസർ പരത്തുന്നതിനുള്ള പ്രധാന കാരണം പ്ലാസ്റ്റിക്കുകളുടേയും മൊബൈൽ ഫോണിന്റേയും അമിത ഉപയോഗം മൂലമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പല ചികിത്സകൾ ചെയ്തിട്ടും മാറാതിരുന്ന ഒരു വയറുവേദന കുഞ്ഞിരാമനെ കലശലായി അലട്ടിയിരുന്നു. ആയിടയ്ക്ക് അത്ഭുതങ്ങൾ കാണിക്കുന്ന ഒരു സിദ്ധനെകുറിച്ച് കേൾക്കാൻ ഇടവന്നപ്പോൾ, തന്റെ വയറുവേദന കാണിക്കാൻ അവിടെവരെ പോയിനോക്കുവാൻ തീരുമാനിച്ചു. അവിടെ ചെന്നപ്പോൾ മന്ത്രിച്ചൂതിയ ഒരു പൊടി വെള്ളത്തിൽ കലക്കി കുടിക്കാൻ കൊടുത്തു. അത് കുടിച്ചതോടെ വയറുവേദന ശമിക്കുകയും അദ്ദേഹം ആ സിദ്ധനിൽ കുടുതൽ വിശ്വാസം അർപ്പിക്കുകയും ചെയ്തു.

 

 

 

ഇതിനിടയിൽ കുഞ്ഞിരാമന്റെ സുഹൃത്ത് റിയാസ്, അദ്ദേഹത്തിന് ഒരു കുപ്പായം തയ്ക്കാനുള്ള തുണി സമ്മാനിച്ചു. കുഞ്ഞിരാമൻ തന്റെ ഭാര്യയോട് ഒരു ഷർട്ട് തുന്നികൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സുധ, താൻ തയ്ച്ച ആ തുണി നാശമായിപ്പോയാലോന്ന് ഓർത്ത് ആദ്യം മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. കുഞ്ഞിരാമന്റെ മൂത്തമകൾ അമ്മു, രതീഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ കുഞ്ഞിരാമൻ, ആ ബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. നല്ല സ്വഭാവഗുണഗണങ്ങളും കുടുംബ മഹിമയും ഉണ്ടെന്നറിഞ്ഞതിനാൽ ഈ ബന്ധത്തിന് അദ്ദേഹം സമ്മതം നല്കി. സിദ്ധന്റെ കഴിവിനാൽ മാറാരോഗങ്ങൾ വരെ മാറിയ പലരുടേയും കഥകൾ വായിച്ചറിഞ്ഞ കുഞ്ഞിരാമൻ അങ്ങനെ സിദ്ധനിൽ കൂടുതൽ വിശ്വസിക്കാൻ തുടങ്ങി.

 

 

 

ആയിടക്ക് കുഞ്ഞിരാമനെ കാണാതായ വിവരം സുധയും റിയാസും ചേർന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നല്കി. മൂന്നുമാസങ്ങൾ കഴിഞ്ഞു. കുഞ്ഞിരാമനെ കുറിച്ച് യാതൊരു വിവരവും ഇല്ല. അങ്ങനെയിരിക്കെ കുഞ്ഞിരാമൻ വ്യത്യസ്തമായ വേഷത്തിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തി. സിദ്ധനാൽ സ്വാധീനിക്കപ്പെട്ട കുഞ്ഞിരാമൻ അങ്ങനെ അദ്ദേഹത്തിന്റെ മതം സ്വീകരിക്കാൻ തീരുമാനിച്ചു. അടുത്തുള്ള ആദം സെന്ററിൽ പോയി അദ്ദേഹം കുഞ്ഞിരാമൻ അങ്ങനെ “ഹസ്സൻ’ ആയി. സുധയും മക്കളും വലിയ ഞെട്ടലോടെയാണ് ഇത് നോക്കിക്കണ്ടത്.

 

 

 

2014ല്‍ പ്രദർശനത്തിനെത്തിയ ‘ഊമക്കുയില്‍ പാടുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്യുന്ന സിനിമയാണ് “കുഞ്ഞിരാമന്റെ കുപ്പായം”. രണ്ട് സംസ്ഥാന അവാര്‍ഡും രണ്ട് ക്രിട്ടിക്‌സ് അവാര്‍ഡും ഉള്‍പ്പടെ 25 ഓളം പുരസ്‌കാരങ്ങള്‍ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. ആരാം എന്‍റര്‍ടൈം മെന്‍റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കിയ കുഞ്ഞിരാമന്‍റെ കുപ്പായത്തിൽ തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍, ലിന്‍റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് പ്രധാന വേഷമിടുന്നത്. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. ഗാനം ആലപിച്ചത് സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ്.

You might also like