വൃക്ക മാറ്റിവയ്ക്കല്‍ സര്‍ജറി; ഇതാണ് സത്യാവസ്ഥയെന്ന് റാണാ ദഗ്ഗുബാട്ടി.

0

 

 

 

തന്റെ ആരോഗ്യത്തെ സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി നടന്‍ റാണാ ദഗ്ഗുബാട്ടി. റാണയുടെ ആരോഗ്യത്തെ സംബന്ധിച്ച തെലുങ്ക് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വൃക്കരോഗത്തിന് റാണ ചികിത്സ തേടാന്‍ ഒരുങ്ങുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചികിത്സയ്ക്ക് വേണ്ടി റാണ അമേരിക്കയിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍.

 

 

അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് മാഞ്ചസ്റ്റിൽ നിന്നും റാണ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവച്ചത്. വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയർ കോമ്രേഡിന് ആശംസകൾ നൽകാനായിരുന്നു റാണ സമൂഹമാധ്യമത്തിലെത്തിയത്. എന്നാൽ ഈ വിഡിയോയുടെ കീഴിലായി റാണയുടെ ആരോഗ്യത്തെസംബന്ധിച്ച ആകുലതകളാണ് ആരാധകർ പങ്കുവച്ചത്.

 

 

താങ്കളുടെ സർജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതിൽ ഒരാരാധകന്റെ ചോദ്യം. ഇത്തരം വാർത്തകൾ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിർത്തൂ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്.

 

 

കഴിഞ്ഞ ഒരാഴ്ചയായി താരത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചെങ്കിലും താരം നിശബ്ദത പാലിക്കുകയായിരുന്നു. ഇപ്പോൾ റാണ തന്നെ ഗോസിപ്പുകൾക്കു വിരാമമിട്ടതോടെ ആരാധകർക്കും ആശ്വാസമായി.

 

റാണയുടെ ശരീരം മെലിഞ്ഞതും കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇത്തരം വാർത്തകളെ അവഗണിക്കുക മാത്രമായിരുന്നു റാണ ചെയ്തിരുന്നത്. ചിത്രീകരണം പൂർത്തിയായ ഹാത്തി മേരെ സാത്തിയാണ് റിലീസ് ചെയ്യാനിരിക്കുന്ന റാണയുടെ ചിത്രം. വിരാടപർവം എന്നൊരു സിനിമയിലും റാണ കരാർ ഒപ്പിട്ടിട്ടുണ്ട്.

You might also like