
സന്തോഷ് ശിവന്, മോഹൻലാല്‍ കൂട്ടുകെട്ടില്‍ “കലിയുഗം”.
മോഹൻലാലിനെ നായകനാക്കി ലോക പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ചിത്രം ഒരുക്കുന്നു. കലിയുഗം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന് വൻ പ്രതീക്ഷയാണ് സിനിമാപ്രേമികളിലുള്ളത്. മറ്റൊരു ക്ലാസിക് ചിത്രമാകും കലിയുഗമെന്നും രണ്ട് പ്രഗത്ഭരും ചേരുന്ന ചിത്രം അത്രമേൽ മികച്ചതാകുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു .
മോഹൻലാലിന്റെ അഭിനയജീവിതത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കെെയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് സന്തോഷ് ശിവൻ. ലാലിന്റെ വാനപ്രസ്ഥം, കാലാപാനി, ഇരുവർ, യോദ്ധ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള സന്തോഷ് ശിവൻ, ലാലിനെ വെച്ചെടുക്കുന്ന കലിയുഗം മികച്ച അനുഭവമായിരിക്കും നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മഞ്ജു വാരിയർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടുള്ള ‘ജാക്ക് ആൻഡ് ജിൽ’ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സന്തോഷ് ശിവൻ ചിത്രം. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സംവിധാനത്തിലേക്കുള്ള സന്തോഷ് ശിവന്റെ മടങ്ങി വരവാണ് ജാക്ക് ആൻഡ് ജിൽ ചിത്രം.
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ ഒന്നുമുണ്ടായില്ല. ചിത്രത്തിൽ നിന്നും സന്തോഷ് ശിവൻ പിന്മാറിയെന്നും പകരം മരയ്ക്കാർ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടിച്ചിത്രം വരുന്നതിന് മുന്‍പ് മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍.