‘ഉയരെ’ കണ്ടു…..മനസ്സ് നിറ‍ഞ്ഞെന്ന് സത്യന്‍ അന്തിക്കാട്

0

 

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുന്നു. ചിത്രം ഇതുവരെ കാണാത്ത ചേരുവകൾ ചേര്‍ത്തുണ്ടാക്കിയതാണെന്ന് ഉയരെ കണ്ടതിനു ശേഷം സത്യന്‍ അന്തിക്കാട് സമൂഹമാധ്യമത്തിൽ കുറിച്ചു.ഫേസ്ബുക്കിലൂടെയാണ് ചിത്രം കണ്ട ശേഷമുള്ള അനുഭവം സത്യന്‍ അന്തിക്കാട് കുറിച്ചത്. ഹിറ്റ് സിനിമകളുടെ ചേരുവകകള്‍ ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞ ‘ഉയരെ’യുടെ അണിയറ പ്രവര്‍ത്തകരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ് അദ്ദേഹം.

 

 

 

 

 

സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

‘ഉയരെ’ കണ്ടു.

കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.
കാരണങ്ങൾ രണ്ടാണ്..

ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്സ്’ എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.

പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.

മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.

എല്ലാവർക്കും എന്റെ സ്നേഹം.

 

 

You might also like