
കുട്ടികള്‍ സ്വപ്നം കാണട്ടെ, ക്ലാസ് റൂമുകളിലേയ്ക്ക് പുസ്തകങ്ങളുമായി സണ്ണി വെയ്ൻ..
ഒരു സ്കൂളിലെ കുട്ടികളെ മുഴുവൻ തൻ്റെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ് നടൻ സണ്ണി വെയ്ൻ ഇപ്പോൾ. ഇന്നലെ വൈകിട്ടാണ് താരം കുട്ടികള്‍ സ്വപ്നം കാണട്ടെ എന്ന ആശയവുമായി കൈനിറയെ പുസ്തകങ്ങൾ കൊണ്ട് സണ്ണി വെയ്ൻ ക്ലാസ് റൂമുകളിലേയ്ക്ക് കടന്നെത്തിയത്. ക്ലാസ്സുകളിലേക്കെത്തിയ നടനെ കുട്ടികൾ സ്നേഹ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. ഇതിൻ്റെ വീഡിയോ താരം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.
A child who reads will be an adult who think. Books can be the best gift one can give to a child.I was lucky enough to give to an entire school.Gifted books to the students of Zamorins Higher Secondary School and marked the beginning of their project – My Classroom library pic.twitter.com/Ab0ggDVZsK
— Sunny Wayn (@SunnyWayn) July 25, 2019
“പുസ്തകങ്ങളിലൂടെ അനേകം സ്വപ്നലോകങ്ങളിലേയ്ക്ക് ഞാൻ സഞ്ചരിച്ചിട്ടുണ്ട്. വലിയ സ്വപ്നങ്ങള്‍ കാണുന്ന കുട്ടികളാണ് സമൂഹത്തിന്റെ മൂലധനം. അതുകൊണ്ടു തന്നെ പുസ്തകങ്ങളെക്കാള്‍ വലിയൊരു സമ്മാനം കുട്ടികള്‍ക്ക് നല്കാനില്ല.” പെട്ടി നിറയെ പുസ്തകങ്ങളുമായി കാറോടിച്ച് സ്കൂള്‍ മുറ്റത്തേയ്ക്ക് എത്തിയ സണ്ണി വെയ്നെ കോഴിക്കോട് സാമൂതിരി സ്കൂളിലെ കുട്ടികള്‍ ആവേശത്തോടെയാണ് വരവേറ്റത്. എൻ്റെ ക്ലാസ് റൂം എന്റെ ലൈബ്രറി പദ്ധതിയുടെ ഭാഗമായി നാൽപതിനായിരത്തോളം രൂപയുടെ പുസ്തകങ്ങളാണ് താരം സ്കൂളിന് സംഭാവന ചെയ്തത്. സണ്ണിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വീഡിയോയ്ക്കൊപ്പം സണ്ണി വെയ്ൻ വിശദമാക്കി.
പുസ്തകങ്ങളുമായി സണ്ണി വെയ്ൻ സ്കൂള്‍ സന്ദര്‍ശനം നടത്തിയത് ബുധനാഴ്ചയായിരുന്നു. കുട്ടികളിൽ വായനാശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസ് റൂമുകളിൽ താരം പുസ്തകങ്ങള്‍ എത്തിക്കാനുള്ള പദ്ധതി നടപ്പാക്കിയത്. ഒരു ഫോൺ വിളിയിലൂടെയാണ് സംഭവത്തിന്റെ തുടക്കമെന്നും വായന പ്രോത്സാഹിപ്പിക്കാനായി കുറച്ച് പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സംഭാവന ചെയ്യണമെന്ന് ഒരു സുഹൃത്ത് അറിയിച്ചപ്പോള്‍ അത് നല്ല ഒരാശയമായി തനിക്കും തോന്നിയെന്നും സണ്ണി വെയ്ൻ പറഞ്ഞു. എങ്കിൽ പിന്നെ എനിക്ക് എന്തുകൊണ്ട് ഈ ചുമതല ഏറ്റെടുത്തു കൂടാ എന്ന് ചിന്തിച്ചതിന് ശേഷമാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായതെന്നും സണ്ണി വെയ്ൻ പറഞ്ഞു.
സാഹിത്യരചന നടത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്.അപ്പോൾ നമ്മൾ പൂർണമായും മനുഷ്യരാണെന്ന് പറയണമെങ്കിൽ…
Posted by Sunny Wayne on Wednesday, July 24, 2019
സണ്ണിയെ കുട്ടികള്‍ സ്കൂളിലേയ്ക്ക് സ്വാഗതം ചെയ്തത് താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളുടെ പേരു വിളിച്ചായിരുന്നു . അഞ്ഞൂറോളം പുസ്തകങ്ങളാണ് സണ്ണി വെയ്ൻ സ്കൂളിലെ ക്ലാസ് റൂം ലൈബ്രറിയ്ക്ക് വേണ്ടി സംഭാവന ചെയ്തിരിക്കുന്നത്. കുട്ടികള്‍ പുസ്തകം വായിക്കാൻ ലൈബ്രറി വരെ പോകാൻ തയ്യാറാകുന്നില്ല എന്ന് കണ്ടപ്പോഴാണ് ക്ലാസ് മുറിയിൽ തന്നെ പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി തോന്നിയതെന്ന് ഒൻപതാം ക്ലാസ് അധ്യാപികയായ സ്വപ്ന രാമചന്ദ്രൻ വ്യക്തമാക്കി. “ക്ലാസ് റൂം ലൈബ്രറിയ്ക്കായി കുറച്ച് പുസ്തകങ്ങള്‍ സംഭാവന ചെയ്യാമോ എന്ന് ഞങ്ങള്‍ സുഹൃത്തുക്കളോട് ചോദിച്ചു. എന്നാൽ സണ്ണി വെയ്ൻ ആവശ്യം അറിഞ്ഞതോടെ പദ്ധതി മൊത്തത്തിൽ മാറുകയായിരുന്നു.
സണ്ണി വെയിനാണ് പുസ്തകങ്ങള്‍ സമ്മാനിച്ചത് എന്ന കാരണം കൊണ്ടു തന്നെ കുട്ടികള്‍ ഇനി കൂടുതൽ പുസ്തങ്ങള്‍ വായിച്ചേക്കുമെന്നും സ്വപ്ന ടീച്ചര്‍ പറഞ്ഞു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് തെരഞ്ഞെടുത്തതെന്നും സാഹിത്യവും സാഹിത്യേതര പുസ്തകങ്ങളും ചെറുകഥകള്‍, നോവലുകള്‍, സയൻസ് ഫിക്ഷനുകള്‍, കവിതാസമാഹാരങ്ങള്‍, യാത്രാവിവരണങ്ങള്‍ അങ്ങനെയെല്ലാം ശേഖരത്തിലുണ്ടെന്നും സണ്ണി വെയ്ൻ പറഞ്ഞു.
മാര്‍ക്ക് ട്വയിന്റെയും എനിഡ് ബ്ലൈടന്റേയും റസ്കിൻ ബോണ്ടിന്റെയും പുസ്തകങ്ങളും വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എം ടി വാസുദേവൻ നായര്‍, ഒ വി വിജയൻ, തകഴി, മാധവിക്കുട്ടി, കെ ആര് മീര, സാറ ജോസഫ് എന്നിങ്ങനെ മലയാളത്തിലും പ്രമുഖരായ എല്ലാ സാഹിത്യകാരന്മാരുടെയും പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് സണ്ണി വെയ്ൻ വ്യക്തമാക്കി. കുട്ടികളിൽ വായനാശീലം ചെറുപ്പത്തിലേ വളര്ത്തേണ്ടതാണെന്നാണ് സണ്ണി വെയ്ൻ പറയുന്നത്.
സാങ്കേതികവിദ്യയുടെ കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. നമ്മുടെ സമയം അപഹരിക്കുന്നത് മുഴുവൻ സോഷ്യൽ മീഡിയയാണ്. വായന പുസ്തകങ്ങളിൽ നിന്ന് മാറി ഇ ബുക്കിലേയ്ക്കും കിൻഡിലിലേയ്ക്കും വളര്‍ന്നു കഴിഞ്ഞു. എന്നാൽ പുസ്തകങ്ങള്‍ക്ക് പകരമാകാൻ ഒന്നിനും കഴിയില്ല. പുസ്തകത്താളുകളിലെ കറുത്ത അക്ഷരങ്ങളുടെ നറുമണം നൊസ്റ്റാള്‍ജിയ ആകേണ്ടതല്ല, ഇത് കുട്ടികളുടെ സ്വന്തമാകേണ്ട ഒന്നാണെന്നും സണ്ണി വെയ്ൻ പറഞ്ഞു.
കൂടുതൽ സ്കൂളുകളിലേയ്ക്ക് കഥയമമ എന്ന പേരിൽ പുസ്തകങ്ങളുമായി എത്താൻ തയ്യാറെടുക്കുകയാണ് സണ്ണി വെയ്നും കൂട്ടരും. ‘അനുഗ്രഹീതൻ ആൻ്റണി’ എന്ന ചിത്രമാണ് സണ്ണി വെയ്നിൻ്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാത്രമല്ല സണ്ണി വെയ്ൻ നിർമ്മിക്കുന്ന നിവിൻ പോളി ചിത്രം പടവെട്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്.