
മലയാള സിനിമയിൽ ഇതുവരെ വന്നിട്ടില്ലാത്ത ജോണറുമായി “താക്കോൽ” വരുന്നു.
നവാഗതനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കോൽ. ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയായാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ എത്തുന്നത്. മുരളി ഗോപിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന താക്കോൽ ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും.
താക്കോല്‍ മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ജോണറിലുള്ള സിനിമയാണ്. താക്കോലിന്റെ പ്രമേയവും അതിനെ സംവിധായകന് സമീപിക്കുന്ന രീതിയും എഴുത്തിന്റെ ശൈലിയുമെല്ലാം നമ്മള് കണ്ടിട്ടുള്ളവയില് നിന്ന് തികച്ചും വ്യത്യസ്തമാണ്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ഏറ്റവും മനസ്സില്‍ തട്ടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ മരണങ്ങള് എങ്ങനെ ബാധിക്കുന്നു എന്നുള്ളതാണ്. വളരെ ആകസ്മികമായി സംഭവിക്കുന്ന മരണങ്ങളാണ് അവയൊക്കെ. താക്കോല്‍ അന്വേഷിച്ചുള്ള യാത്രയില്‍ അദ്ദേഹത്തിനു വേണ്ടപ്പെട്ടവരാണ് വിടപറയുന്നത്. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഓരോരുത്തരെയായി നഷ്ടപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഇംപാക്ടാണ് ഈ സിനിമയുടെ കഥാതന്തു. താക്കോല്‍ അന്വേഷിച്ചുപോകുമ്പോഴുള്ള നിഗൂഢതയും വിധേയത്വവും ഈ സിനിമയുടെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.
സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി, ഈ അടുത്ത കാലത്ത്, ടിയാൻ എന്നിവയാണ് ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന് കൂടിയാണ് കിരണ്‍ പ്രഭാകരന്. നെടുമുടി വേണു , രഞ്ജി പണിക്കർ , പി ബാലചന്ദ്രൻ , മീര വാസുദേവൻ , ഇനിയ എന്നിവരാണ് താക്കോലിലെ മറ്റു താരങ്ങൾ.