മലയാളത്തില്‍ പയറ്റാന്‍ ഒരുങ്ങി വരലക്ഷ്‌മി ; നീയാ 2 റിലീസിന് ഒരുങ്ങുന്നു.

0

ആറു വർഷത്തിനുള്ളിൽ തമിഴ് , മലയാളം , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിൽ ഇരുപത്തിഅഞ്ചിൽ പരം സിനിമകളിൽ അഭിനയിച്ചു റെക്കോർഡ് സൃഷ്ടിച്ചിരിക്കയാണ് വരലക്ഷ്‌മി ശരത് കുമാർ . നായികയായേ അഭിനയിക്കു എന്ന ശാഠ്യമൊന്നും ഈ താരപുത്രിക്കില്ല . നായികയോ വില്ലിയോ ഏതും സ്വീകാര്യം . അഭിനയ സാധ്യതയുള്ള കഥാപാത്രമായിരിക്കണം എന്നേ ഉള്ളു .അടുത്തിടെ ഇറങ്ങിയ ‘സർക്കാർ’ ,’സണ്ടക്കോഴി 2′ ,’മാരി 2′ സിനിമകളിലെ വരലക്ഷ്‌മിയുടെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി .

 

ഇപ്പോൾ തമിഴിൽ ഏഴോളം സിനിമകൾ കൈവശമുണ്ട് . അതിൽ ‘വെൽവെറ്റ് നഗരം’,’കാട്ടേരി’ ,’നീയാ 2′ ,’കന്നി രാശി’ എന്നീ സിനിമകൾ ഉടൻ പുറത്തിറങ്ങും; ഓരോന്നിലേയും കഥാപാത്രങ്ങൾ വ്യത്യസ്തം . ഇതിൽ മേയിൽ റിലീസിനൊരുങ്ങുന്ന ‘നീയാ 2’ വിലെ സര്‍പ്പ കന്യക വേഷം തന്‍റെ കരിയറിൽ മറ്റൊരു വഴിത്തിരിവാകുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് താരം .

 

 

1979 ൽ കമലഹാസനും ശ്രീപ്രിയയും അഭിനയിച്ച സൂപ്പർ ഡൂപ്പർ ഹൊറർ ചിത്രമാണ് ‘നീയാ’ . ഇതിൽ സർപ്പമായിരുന്നു കേന്ദ്ര കഥാപാത്രം . നാൽപതു വർഷത്തിനു ശേഷം മേയ് 10ന് പൂത്തിറങ്ങുന്ന ‘ നീയാ 2 ‘ ഉം സർപ്പത്തെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഹൊറർ സിനിമ തന്നെ.കഥ വ്യത്യസ്‌തമാണ്‌ . പേര് കടമെടുത്ത അണിയറക്കാർ ‘നീയാ’ യിലെ ‘ഒരേ ജീവൻ ഒൻഡ്രേ ഉള്ളം വാരായ് കണ്ണാ ‘എന്ന നൊസ്റ്റാൾജിക് ഗാനവും കടമെടുത്തു .’നീയാ 2’വിൽ ഈ ഗാന രംഗത്തിൽ സർപ്പകന്യകയായി കാമാസക്ത നൃത്തം ചെയ്യുന്നത് വരലക്ഷ്‌മി . ഈ ഗാന രംഗത്തിൽ അഭിനയിക്കാൻ പ്രത്യേക നൃത്ത പരിശീലനം തന്നെ താൻ നടത്തിയതായി അവർ പറയുന്നു .ആരാധകരും വരലക്ഷ്‌മിയുടെ നൃത്തം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കയാണ് .

 

മലയാളത്തിൽ കസബ , മാസ്റ്റർ പീസ് എന്നീ രണ്ടു സിനിമകളിലേ വരലക്ഷ്‌മി അഭിനയിച്ചുള്ളുവെങ്കിലും രണ്ടും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രങ്ങളായിരുന്നു എന്നത് മെറിറ്റായി കരുതുന്നു . മലയാളത്തിൽ നിന്നും തന്നെ തേടി ധാരാളം നല്ല കുറെ കഥാപാത്രങ്ങൾ എത്തിയിരുന്നു എന്നാൽ അപ്പോഴത്തെ തിരക്ക് കാരണം അവ സ്വീകരിക്കാൻ കഴിയാതെ പോയ വിഷമത്തിലുമാണ് വരലക്ഷ്‌മി. ഇനി എന്ത് തിരക്കുണ്ടെങ്കിലും മലയാളത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചിരിക്കുകയാണ് . അതിനായി ഒരു മലയാളി മാനേജരെയും നിയമിച്ചു കഴിഞ്ഞുവത്രെ .’നീയാ 2 ‘ പ്രദര്ശനത്തിനെത്തുന്നതോടെ വരലക്ഷ്‌മിയുടെ കരിയർ ഗ്രാഫ് ഒന്ന് കൂടി ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം .ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസാവുകയാണ് .

 

 

You might also like